ദേശീയ ദിനത്തിൽ ആഘോഷവുമായി ഫ്രഞ്ച് പൗരന്മാർ

മാഹി: ഫ്രഞ്ച് വിപ്ലവത്തിൻെറ ഓർമപുതുക്കി മാഹിയിലെ ഫ്രഞ്ച് പൗരന്മാർ ഫ്രഞ്ച് ദേശീയ ദിനം വിപുലമായി ആഘോഷിച്ചു. 1789 ജ ൂൈല 14ന് പാരിസിലെ ബസ്തീയ്യ് കോട്ട ആക്രമിച്ച ജനങ്ങൾ തടവുകാരെ മോചിപ്പിച്ച വിപ്ലവത്തിൻെറ അലയൊലികൾ അന്ന് ലോകത്തിലെ മറ്റ് വിപ്ലവങ്ങൾക്കും വീര്യം പകർന്നു. പിന്നീട് ഈ ആഹ്ലാദദിനമാണ് ഫ്രഞ്ച് ദേശീയ ദിനമായി ആഘോഷിച്ചു തുടങ്ങിയത്. ഞായറാഴ്‌ച രാവിലെ 10ന് ഫ്രഞ്ച് പൗരന്മാർ മാഹി പള്ളിയിലെ ഴന്താർക്ക് പ്രതിമക്ക് മുന്നിൽ ബൊക്കെ സമർപ്പിച്ചു. തുടർന്ന് മെഴുകുതിരി തെളിച്ചുകൊണ്ടാണ് ചടങ്ങുകൾ തുടങ്ങിയത്. യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്കുവേണ്ടി മൗനപ്രാർഥനയും നടത്തി. ഫ്രഞ്ച് പൗരന്മാരുടെ കാര്യാലയമായ യു ന്യോം ദ് ഫ്രാൻസേ ദ് മായേയിൽ ഒത്തുചേർന്ന ഫ്രഞ്ച് പൗരന്മാർ ഇന്ത്യയുടെയും ഫ്രാൻസിൻെറയും ദേശീയപതാകകൾ ഒരേ കൊടിമരത്തിൽ ഉയർത്തി. ഫ്രഞ്ച് സൈന്യത്തിൽ സേവനമനുഷ്ഠിച്ച പനങ്ങാടൻ ബാലകൃഷ്ണൻ സൈനിക ചിഹ്നങ്ങളും മെഡലുകളും ധരിച്ച് ഫ്രഞ്ച് പതാകയുമേന്തി ഫ്രഞ്ച് പൗരന്മാർക്കൊപ്പം ടാഗോർ പാർക്കിലെ മറിയാന്ന് പ്രതിമയുടെ മുന്നിലേക്ക് മാർച്ച് ചെയ്തു. കഴിഞ്ഞ 25 വർഷത്തിലേറെയായി ഈ ദിനത്തിൽ ഫ്രഞ്ച് പതാകയുമേന്തി മാർച്ചിന് നേതൃത്വം നൽകിയിരുന്നത് തെക്കെയിൽ വാസുവായിരുന്നു. വാസുവിന് വാർധക്യസഹജമായ അസുഖവും അവശതയും കാരണം ആഘോഷത്തിൽ പങ്കുകൊള്ളാനായില്ല. അതിനാലാണ് പനങ്ങാടൻ ബാലകൃഷ്ണൻ ആദ്യമായി ദേശീയ ദിനാഘോഷ മാർച്ചിന് നേതൃത്വം നൽകിയത്. ഫ്രഞ്ച് പൗരന്മാരുടെ സംഘടനാ പ്രസിഡൻറ് അടിയേരി കനകരാജൻ ഫ്രഞ്ച് വിപ്ലവ സ്മാരകമായ മറിയാന്ന് പ്രതിമക്ക് മുന്നിൽ പുഷ്പചക്രമർപ്പിച്ചു. തുടർന്ന് പ്രാർഥനയും നടത്തി. ടാഗോർപാർക്കിന് സമീപത്തെ ഫ്രഞ്ച് പൗരന്മാരുടെ കാര്യാലയത്തിൽ അനുസ്മരണ സമ്മേളനവും വിരുന്നുസൽക്കാരവുമുണ്ടായി. അടിയേരി കനകരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. വട്ടക്കാരി ഉഷ, പൊയിത്തായ കമല, റോസമ്മ, കുമ്മായ പ്രമീള, മദോമ്മർകണ്ടി സത്യൻ, പുന്നൂറാൻ രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.