മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടല്‍: തൊഴിലാളികളുടെ അറിവില്ലായ്മ വിനയാവുന്നു

മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടല്‍: തൊഴിലാളികളുടെ അറിവില്ലായ്മ വിനയാവുന്നു വടകര: മത്സ്യക്കുഞ്ഞുങ്ങളെ പിടികൂട ുന്നത് വിലക്കിക്കൊണ്ടുള്ള നിയമത്തെ കുറിച്ചുള്ള അറിവില്ലായ്മ തൊഴിലാളികൾക്ക് വിനയാവുന്നു. മത്സ്യസമ്പത്തിനുതന്നെ വെല്ലുവിളിയാവുന്നതിനാൽ ചെറിയ മത്സ്യങ്ങൾ പിടികൂടുന്നത് വിലക്കിക്കൊണ്ട് നിയമം നിലവിലുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച നിബന്ധനകള്‍ എങ്ങനെയാണെന്നതിനെ കുറിച്ച് മിക്ക തൊഴിലാളികള്‍ക്കും ധാരണയില്ല. മത്തി 10 സൻെറിമീറ്റര്‍, അയല 14, മാന്തല്‍ ഒമ്പത്, കിളിമീന്‍ 10, വെള്ള ആവോലി 13, കറുത്ത ആവോലി 17, കോര 17, പൂവാലന്‍ ചെമ്മീന്‍ ആറ്, കരിക്കാടി ചെമ്മീന്‍ ഏഴ്, ചൂടന്‍ ചെമ്മീന്‍ 11, തിരണ്ടി 61, അയക്കൂറ 50, കൂന്തല്‍ എട്ട് എന്നിങ്ങനെയാണ് പിടികൂടാവുന്ന മീനുകളുടെ നീളക്കണക്ക്. ഒട്ടുമിക്ക കടല്‍ മത്സ്യങ്ങളെയും പിടികൂടാൻ കൃത്യമായ നീളം നിര്‍ദേശിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പ്രജനന സമയത്താണ് ഇതുസംബന്ധിച്ച് അധികൃതര്‍ ജാഗ്രത പാലിക്കുന്നത്. 1980ല്‍ നിലവില്‍ വന്ന കേരള കടല്‍ മീന്‍പിടിത്ത നിയന്ത്രണ നിയമമനുസരിച്ച് ചെറിയ മത്സ്യങ്ങൾ പിടികൂടുന്നത് ശിക്ഷാര്‍ഹമാണ്. എന്നാല്‍, മത്സ്യത്തൊഴിലാളികള്‍ക്ക് ഇക്കാര്യത്തില്‍ ബോധവത്കരണം നൽകാറില്ല. കഴിഞ്ഞ കാലങ്ങളില്‍നിന്ന് മാറി വന്‍കിട കമ്പനികള്‍ മത്സ്യബന്ധന മേഖലയില്‍ കടന്നുവന്നതോടെ പരമ്പരാഗത തൊഴിലാളികള്‍ പുലര്‍ത്തിപോന്ന കടല്‍നിയമങ്ങളൊന്നും നടപ്പാവുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചോമ്പാല ഹാര്‍ബര്‍ കേന്ദ്രീകരിച്ച് മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടുന്നതുസംബന്ധിച്ച തര്‍ക്കം നിലവിലുണ്ട്. പൊതുവെ മത്സ്യലഭ്യത കുറഞ്ഞ വേളയില്‍ കിട്ടുന്നതെല്ലാം വലയിലാക്കുക എന്ന നിലയിലേക്ക് തൊഴിലാളികളെത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ചോമ്പാലയില്‍നിന്നും പിടികൂടിയ അയലക്കുഞ്ഞുങ്ങൾ വിവിധ ഹാര്‍ബറുകളിൽ വില്‍പനക്കെത്തി എന്ന വിവരത്തിൻെറ അടിസ്ഥാനത്തില്‍ മറൈന്‍ പൊലീസും കോസ്റ്റല്‍ ഗാര്‍ഡുകളും ഹാര്‍ബറില്‍ പരിശോധന നടത്തിയിരുന്നു. ഇതോടെ, മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടുന്നതിനെതിരെ പ്രതിഷേധം ഉയരുകയാണ്. ശനിയാഴ്ച കൊല്ലത്തുനിന്ന് കൊണ്ടുവന്ന അയലക്കുഞ്ഞുങ്ങളെ ചോമ്പാലയില്‍ വില്‍ക്കാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം തൊഴിലാളികള്‍ തന്നെ രംഗത്തു വന്നു. പൊലീസിൻെറ അവസരോചിതമായ ഇടപെടല്‍ മൂലമാണ് സംഘര്‍ഷം ഒഴിവായത്. ഈ സാഹചര്യത്തില്‍ ഹാര്‍ബറുകളില്‍ മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടുന്നതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ കൃത്യമായി പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. അനൂപ് അനന്തന്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.