തളിപ്പറമ്പ്: ദേശീയപാതയിൽ കുറ്റിക്കോൽ പാലത്തിന് സമീപം ഇന്ധനം നിറച്ച ടാങ്കർലോറിക്ക് 'തീ പടർന്നത്' നാട്ടുകാരെ പരിഭ്രാന്തരാക്കി. രാവിലെ പതിനൊന്നരയോടെയായിരുന്നു നാടിനെ നടുക്കിയ 'ദുരന്ത'മുണ്ടായത്. സംഭവമറിഞ്ഞെത്തിയ പൊലീസും ഫയർഫോഴ്സും ആംബുലൻസും ഉൾപ്പെടെ രക്ഷാപ്രവർത്തനം ഊർജിതമാക്കി. പരിക്കേറ്റ നാലുപേരെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഇതുവഴിയുള്ള ഗതാഗതം പൊലീസ് തടഞ്ഞ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. അര മണിക്കൂറിലധികം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇത് അധികൃതർ ഒരുക്കിയ ദുരന്ത നാടകമാണെന്ന് ജനങ്ങൾക്ക് ബോധ്യമായത്. പാതയോരത്ത് കൂട്ടിയിട്ടിരുന്ന വിറക് കൂനക്കാണ് ആദ്യം തീപിടിച്ചത്. ഈ സമയം ഇതുവഴി വന്ന ടാങ്കർ ലോറിക്ക് തീ പടരുകയായിരുന്നു. ലോറി ഡ്രൈവർ ഉടൻ കമ്പനി അധികൃതരെ ഫോൺ ചെയ്ത് വിവരം അറിയിച്ചു. പരിക്കേറ്റവരെ പൊലീസ് ഉടൻ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇതൊക്കെ കണ്ട് നാട്ടുകാർ പരിഭ്രാന്തരായി ഫോണിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പരസ്പരം വിവരം കൈമാറി ആശങ്ക പങ്കുവെച്ചു. സംഭവമറിഞ്ഞ് വിവിധ രാഷ്ട്രീയ നേതാക്കളും സംഭവസ്ഥലത്തേക്കും ആശുപത്രിയിലുമായി ഓടിയെത്തി. ദുരന്തമുണ്ടായാൽ എങ്ങനെ നേരിടണമെന്ന് ജനങ്ങളെ ബോധവത്കരിക്കുന്നതിനും സജ്ജരാക്കുന്നതിനുമായിരുന്നു മോക്ഡ്രിൽ ഒരുക്കിയത്. അസി. കലക്ടർ ആസിഫ് യൂസഫ്, എ.ഡി.എം മുഹമ്മദ് യൂസഫ്, ഡിവൈ.എസ്.പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും മോക്ഡ്രില്ലിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.