തലശ്ശേരി നഗരസഭ കൗൺസിൽ യോഗം ലഹരി: സംയുക്തയോഗം വിളിച്ചുചേർക്കും

തലശ്ശേരി: നഗരത്തിൽ വർധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും തടയുന്നതി​െൻറ ഭാഗമായി പൊലീസ്, എക്സൈസ്, സന്നദ്ധസംഘടനകൾ എന്നിവയുടെ സംയുക്തയോഗം വിളിച്ചുചേർക്കാൻ നഗരസഭ യോഗം തീരുമാനിച്ചു. ചൊവ്വാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ പി.പി. സാജിദയാണ് വിഷയം ഉന്നയിച്ചത്. കഴിഞ്ഞദിവസം ലഹരിമരുന്നിന് അടിമയെന്ന് സംശയിക്കുന്ന യുവാവ് നഗരത്തിലെ ലോഡ്ജിൽ മരിച്ച സാഹചര്യത്തിലാണ് വിഷയം ഉന്നയിച്ചത്. ഇതിനുള്ള മറുപടിയിലാണ് നഗരസഭ ചെയർമാൻ സി.കെ. രമേശൻ സംയുക്തയോഗം വിളിച്ച് ലഹരി-മയക്കുമരുന്ന് വ്യാപനം തടയാനുള്ള നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്. േകാടതിപരിസരത്തെ സീവ്യൂ പാർക്കി​െൻറ മതിൽ ഉയർത്തിക്കെട്ടിയ ടൂറിസം വകുപ്പി​െൻറ നടപടിയും യോഗത്തിൽ വിമർശനത്തിനിടയാക്കി. റോഡിൽനിന്ന് ജനങ്ങൾക്കുള്ള കടൽക്കാഴ്ച തടയുംവിധമാണ് മതിൽ കെട്ടിയിട്ടുള്ളത്. ഇൗ വിഷയം ഉന്നയിച്ച എം.പി. അരവിന്ദാക്ഷൻ മതിൽ പൊളിക്കാൻ നടപടിയെടുക്കണമെന്ന ആവശ്യവും ഉന്നയിച്ചു. എന്നാൽ, പാർക്ക് ടൂറിസം വകുപ്പി​െൻറ ഉടമസ്ഥതയിലാണെന്നും ഇക്കാര്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി പരിഹാരം കാണാൻ ശ്രമിക്കുമെന്നും ചെയർമാൻ മറുപടി നൽകി. നഗരത്തിൽ യാത്രക്കാർക്ക് ഭീഷണിയാകുന്ന ഒാടകൾക്ക് ഫെബ്രുവരി 10നകം സ്ലാബിടാൻ ചെയർമാൻ എൻജിനീയറിങ് വിഭാഗത്തിന് കർശന നിർദേശം നൽകി. തലശ്ശേരി സ​െൻറിനറി പാർക്കിലെ കെ. രാഘവൻ മാസ്റ്ററുടെ പ്രതിമക്ക് ചുറ്റും വെളിച്ചമില്ലാത്തതിനാൽ സാമൂഹികവിരുദ്ധർ താവളമാക്കുന്നതായി പത്മജ രഘുനാഥ് ആരോപിച്ചു. ഫെബ്രുവരി 10നകം ലൈറ്റ് സ്ഥാപിക്കുമെന്ന് ചെയർമാൻ വ്യക്തമാക്കി. തലശ്ശേരി ജനറൽ ആശുപത്രിയിൽ രാവിലെ 8.30ന് തുടങ്ങേണ്ടുന്ന ഒ.പി വൈകിയാണ് തുടങ്ങുന്നതെന്നും ഒ.പിയോട് ഡോക്ടർമാർ അനാസ്ഥ കാണിക്കുന്നതായും മാജിദ് അഷ്ഫാഖ് പറഞ്ഞു. ഇക്കാര്യം അടുത്ത ആശുപത്രി വികസനസമിതി യോഗത്തിൽ ചർച്ചചെയ്ത് പരിഹാരംകാണാൻ ശ്രമിക്കുമെന്ന് ചെയർമാൻ യോഗത്തിൽ പറഞ്ഞു. കെ. വിനയരാജ്, വി. രത്നാകരൻ, എം.വി. സമിത, വാഴയിൽ ലക്ഷ്മി, എം. വേണുഗോപാലൻ മാസ്റ്റർ, എ.വി. ശൈലജ, എം.പി. നീമ, എം.എ. സുധീഷ്, സമീറ, പി.വി. വിജയൻ മാസ്റ്റർ തുടങ്ങിയവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.