തെരുവുനായ്ക്കളുടെ കടിയേറ്റവർക്ക്​ നഷ്​ടപരിഹാരത്തുക ലഭിക്കുന്നില്ലെന്ന്​ ആക്ഷേപം

ശ്രീകണ്ഠപുരം: സംസ്ഥാനത്തി​െൻറ വിവിധഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ കടിയേറ്റവർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകേണ്ട നഷ്ടപരിഹാരത്തുക ലഭിക്കാത്ത സ്ഥിതി. സംസ്ഥാനത്തി​െൻറ വിവിധഭാഗങ്ങളിൽ തെരുവുനായുടെ കടിയേറ്റ 104 പേർക്കായി 60.11 ലക്ഷം തദ്ദേശസ്ഥാപനങ്ങൾ നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. തെരുവുനായ്ക്കളുടെ കടിയേറ്റവർക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായി സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ തീരുമാനവും സുപ്രീംകോടതി വിധിയും അനുസരിച്ചാണ് തുക നിശ്ചയിച്ചത്. നായ്ക്കളുടെ കടിയേറ്റവർക്ക് വ്യക്തിഗതമായി പരമാവധി അഞ്ചു ലക്ഷം രൂപയും കുറഞ്ഞ തുക 8500 രൂപയുമാണ് വിധിച്ചത്. ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷംവരെ നഷ്ടപരിഹാരം ലഭിക്കേണ്ട 14 പേർ സംസ്ഥാനത്തുണ്ട്. സംസ്ഥാനചരിത്രത്തിൽതന്നെ തെരുവുനായ്ക്കളുടെ കടിയേറ്റവർക്ക് ഇത്രയും വലിയ നഷ്ടപരിഹാരത്തുക നൽകാനുള്ള ഉത്തരവ് ആദ്യമാണ്. തദ്ദേശസ്ഥാപനങ്ങൾ തനത് ഫണ്ടിൽനിന്നോ പ്ലാൻ ഫണ്ടിൽനിന്നോ തുക നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. വലിയ തുക നഷ്ടപരിഹാരമായി നൽകേണ്ടിവരുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് പണം കണ്ടെത്താനാകാത്തതുകൊണ്ടാണ് തുക നൽക്കാത്തത്. എന്നാൽ, നായ്ക്കളെ കൊന്നൊടുക്കുന്നതിന് കൂടുതൽ ശ്രദ്ധചെലുത്തിയാൽ നഷ്ടപരിഹാരപ്രശ്നം ഒഴിവാക്കാമായിരുന്നുവെന്നാണ് തദ്ദേശസ്ഥാപന അധികൃതർ പറയുന്നത്. തുക നൽകേണ്ട ചില നഗരസഭകൾ നിയമോപദേശം തേടുകയും ചെയ്തിട്ടുണ്ട്. തുക നൽകാതിരുന്നാൽ കോടതി അലക്ഷ്യമാകുമെന്നതും പ്രധാന പ്രശ്‌നമാണ്. അതിനിടെ അർഹരായവർ പലരും തദ്ദേശസ്ഥാപനങ്ങൾ കയറിയിറങ്ങിയെങ്കിലും തുക ലഭിക്കാത്തതിനാൽ കമ്മിറ്റിെയയും സുപ്രീംകോടതിെയയും സമീപിക്കാനുള്ള തയാറെടുപ്പിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.