സമരക്കാർക്ക് വയൽക്കിളികളെന്നു പേരിട്ട് കിളികളെ ആക്ഷേപിക്കരുത് -മന്ത്രി സുധാകരൻ കല്യാശ്ശേരി: തളിപ്പറമ്പ് കീഴാറ്റൂരിൽ നാലുവരി പാതക്കെതിരെ സമരം ചെയ്യുന്നവരെ വയൽക്കിളികളെന്ന് ഓമനപ്പേരിട്ട് വിളിച്ച് കിളികളെ ആക്ഷേപിക്കരുതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. കല്യാശ്ശേരി ഇരിണാവിൽ പുതിയ ഡാം പാലത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം ചെയ്യുന്നവരെ കിളികളെന്ന് വിളിക്കരുത്. കിളികൾ ഒരു സമരത്തിനും പോയ ചരിത്രമില്ല. നാലുവരി പാതയാക്കാതെ കേരളത്തിലെ റോഡ് വികസനം ഇനി നടക്കില്ല. അതിനിടയിൽ വയൽ എടുക്കുന്നതിനെതിരെ ആരും വഴക്കുണ്ടാക്കേണ്ട കാര്യമില്ല. എല്ലാ കാര്യങ്ങളും സമരക്കാരോട് വിശദമായി ചർച്ച ചെയ്യുകയും സമരം പിന്‍വലിക്കുകയും ചെയ്തതാണ്. താന്‍ പറഞ്ഞതനുസരിച്ച് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിശോധിച്ച് ആദ്യം പറഞ്ഞ സ്ഥലങ്ങൾ ഒഴിവാക്കിക്കൊടുത്തിട്ടും അവരുടെ നിലപാടിൽ മാറ്റമുണ്ടായിട്ടില്ല. കമ്യൂണിസ്റ്റ് പാർട്ടി മെംബർമാരായവർ സർക്കാറിനെതിരെ പടനയിക്കാനാണ് ശ്രമിക്കുന്നത്. കമ്യൂണിസ്റ്റുകാരനാണെങ്കിൽ അഭിപ്രായ വ്യത്യാസം പരസ്യമായി പറയരുത്. അങ്ങനെ ചെയ്താൽ അവർ കമ്യൂണിസ്റ്റെല്ലന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.