റിയാസ്​ മൗലവിയുടെ കുടുംബത്തിന്​ സർക്കാർ സഹായം പരിഗണിക്കാം- ^ന്യൂനപക്ഷ കമീഷന്‍

റിയാസ് മൗലവിയുടെ കുടുംബത്തിന് സർക്കാർ സഹായം പരിഗണിക്കാം- -ന്യൂനപക്ഷ കമീഷന്‍ കാസർകോട്: കൊല്ലപ്പെട്ട മദ്റസ അധ്യാപകന്‍ റിയാസ് മൗലവിയുടെ കുടുംബം സാമ്പത്തികസഹായത്തിന് അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതായി ന്യൂനപക്ഷ കമീഷന്‍ വ്യക്തമാക്കി. കമീഷന്‍ കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ സി. മുഹമ്മദ് കുഞ്ഞി നല്‍കിയ പരാതി പരിഗണിക്കവെയാണ് കമീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. സഹായം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തില്‍ കമീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സാമ്പത്തികമായി ദുരിതം അനുഭവിക്കുന്ന കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. അപേക്ഷ നല്‍കുന്നമുറക്ക് സഹായം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി കമീഷന്‍ വ്യക്തമാക്കി. തളങ്കരയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് വിദ്യാര്‍ഥിയെ പുറത്താക്കിയതിന് പ്രിന്‍സിപ്പലിനെതിരെ അമ്മ നല്‍കിയ പരാതിയില്‍ കമീഷന്‍ ഇടപെട്ട് പരിഹാരമുണ്ടാക്കി. അധ്യാപകനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍നിന്ന് പുറത്താക്കിയിരുന്നു. പരീക്ഷ എഴുതാനും സമ്മതിച്ചിരുന്നില്ല. ഇതിനെതിരെയാണ് കമീഷന് പരാതി നല്‍കിയത്. കുട്ടിയെ പരീക്ഷക്കിരുത്താനും ടി.സി അനുവദിക്കാനും സ്‌കൂള്‍ അധികൃതര്‍ തയാറായതോടെ അമ്മ പരാതി പിന്‍വലിച്ചു. കുട്ടി മറ്റൊരു സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കും. കമീഷന്‍ അംഗം അഡ്വ. മുഹമ്മദ് ഫൈസല്‍ നടത്തിയ സിറ്റിങ്ങില്‍ നാലു പരാതി തീര്‍പ്പാക്കി. അടുത്ത സിറ്റിങ് ഫെബ്രുവരി 26ന് കണ്ണൂരില്‍ നടക്കും. സിറ്റിങ്ങിൽ കലക്ടര്‍ കെ. ജീവന്‍ബാബുവും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.