മട്ടന്നൂര്‍: മട്ടന്നൂര്‍ പൊലീസ് നടത്തുന്നത് ബസ് തൊഴിലാളി വേട്ടയാണെന്ന് സ്വകാര്യ ബസ് തൊഴിലാളി യൂനിയന്‍ സംയുക്ത സമരസമിതി ആരോപിച്ചു. ഇരിട്ടി-കണ്ണൂര്‍ റൂട്ടിലോടുന്ന ആഷിക് ബസില്‍ കൊതേരിയില്‍വെച്ച് ആളുകളെ കയറ്റുന്നതിനിടയില്‍ ക്ലീനറുടെ അശ്രദ്ധ കാരണം രണ്ട് വിദ്യാര്‍ഥികള്‍ക്ക് നിസ്സാര പരിക്കേറ്റിരുന്നു. സംഭവമറിഞ്ഞ് മട്ടന്നൂര്‍ പൊലീസ്, കണ്ണൂര്‍ പൊലീസിനെക്കൊണ്ട് ബസും തൊഴിലാളികളെയും കസ്റ്റഡിയിലെടുപ്പിക്കുകയും ക്ലീനര്‍ക്കെതിരെ ഐ.പി.സി 308 വകുപ്പ് പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിക്കുകയുമായിരുന്നു. ആഷിക് ബസ് ഉടമയോടും തൊഴിലാളികളോടും മട്ടന്നൂര്‍ പൊലീസിനുള്ള പൂര്‍വവൈരാഗ്യമാണ് ഇത്തരം നടപടിക്ക് കാരണമെന്നും പരിക്കേറ്റ വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോടൊപ്പം സ്‌റ്റേഷനിലെത്തി പരാതിയില്ലെന്നും കേസെടുക്കരുതെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും സമരസമിതി ആരോപിച്ചു. ട്രേഡ് യൂനിയനുകളെ പ്രതിനിധാനംചെയ്ത് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് നേതാക്കൾ പൊലീസുമായി ബന്ധപ്പെട്ട് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ച് കേസെടുക്കരുതെന്ന് പറഞ്ഞെങ്കിലും മുന്‍വിരോധം കാരണം അധികാര ദുര്‍വിനിയോഗം ചെയ്ത് കേസെടുത്ത് തൊഴിലാളിയെ ജയിലിലടക്കുകയായിരുന്നുവെന്ന് സമരസമിതി കണ്‍വീനര്‍ കെ. ജയരാജന്‍ പ്രസ്താവനയില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.