ചീമേനി കൊലപാതകം: തുറന്ന ജയിൽ പരിസരത്തുനിന്നും കത്തി കണ്ടെത്തി

ചെറുവത്തൂര്‍: ചീമേനി പുലിയന്നൂരിലെ റിട്ട.അധ്യാപിക ജാനകിയെ കൊല ചെയ്യാൻ ഉപയോഗിച്ചതായി സംശയിക്കുന്ന കത്തി കണ്ടെത്തി. ചീമേനി തുറന്ന ജയിൽ സ്ഥിതി ചെയ്യുന്ന തുറവ് പ്രദേശത്തു നിന്നാണ് അന്വേഷണ സംഘത്തിന് കത്തി കിട്ടിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചീമേനിയിൽ നിന്നും പൊലീസെത്തി കത്തി കസ്റ്റഡിയിലെടുത്തു. തുടർന്ന് കത്തി ഫോറൻസിക് പരിശോധനക്കയച്ചു. പരിശോധനഫലം വന്ന ശേഷമേ കൊലക്ക് ഉപയോഗിച്ച കത്തിയാണോ എന്ന് ഉറപ്പിക്കൂ. ചീമേനി തുറന്ന ജയിൽ സ്ഥിതി ചെയ്യുന്ന തുറവ് മുതൽ വെളിച്ചംതോട് വരെയുള്ള പ്രദേശം കാടുപിടിച്ചതും വിജനവുമാണ്. കവർച്ചസംഘം കത്തി ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്ന് കരുതുന്നു. കഴിഞ്ഞ 13നാണ് കവർച്ചസംഘം ജാനകി ടീച്ചറെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കളത്തേര കൃഷ്ണനെ മാരകമായി കുത്തിപ്പരിക്കേല്‍പിച്ചും കടന്നുകളഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പ്രത്യേകം സ്‌ക്വാഡ് രൂപവത്കരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസമായി അന്വേഷണ സംഘത്തിലെ മുഴുവന്‍പേരും ചീമേനിയില്‍ തന്നെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുകയാണ്. കൊല നടന്ന വീടിനുള്ളില്‍നിന്നും കിട്ടിയത് കറുത്ത തുണിയുടെ ഒരുഭാഗം മാത്രമാണ്. ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയ രണ്ട് വിരലടയാളവും ഒരാളുടേതാണെന്നാണ് പൊലീസിന് ലഭിച്ച സൂചന. സംഭവദിവസവും തൊട്ടടുത്ത ദിവസങ്ങളിലുമെല്ലാം ഈ പ്രദേശത്തെ ടവറിന് കീഴില്‍ നിന്നുമുള്ള പതിനായിരക്കണക്കിന് ഫോണ്‍കാളുകള്‍ പൊലീസ് പരിശോധിക്കുകയും ചെയ്തു. എന്നാല്‍, കൃത്യം നടന്ന ദിവസം പോലും സംശയാസ്പദമായ കാളുകള്‍ കണ്ടെത്താനായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.