bl: 'നന്ത്യാർവട്ട'ത്തിലെ സൗകര്യക്കുറവിൽ പരിഭവവുമായി ആസ്വാദകർ തൃശൂർ: കലോത്സവത്തിെൻറ രണ്ടാം നാൾ ലളിതഗാനവും സംഘഗാനവും കേൾക്കാൻ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് ഒഴുകിയെത്തിയവരിൽ ഭൂരിപക്ഷത്തെയും വെയിലത്തു നിർത്തിയ സംഘാടകർക്ക് ഏത് ഗ്രേഡ് കൊടുക്കണമെന്ന് കാണികളോട് ചോദിച്ചാൽ അവർ പറയും, ഇെസഡിന് അപ്പുറം എന്തേലും ഉണ്ടേൽ അത് കൊടുത്താൽമതിയെന്ന്. സംഘാടനത്തിലെ പിഴവുകൊണ്ട് കുറച്ചൊന്നുമല്ല മോഡൽ ബോയ്സിൽ എത്തിയവർ വലഞ്ഞത്. ആലാപനത്തിലെ ഗ്ലാമർ ഇനങ്ങളാണ് ഇവിടെ നടക്കുന്നതെന്ന് അറിഞ്ഞിട്ടും സംഘാടകർ ഒരുക്കിയത് രണ്ട് ക്ലാസ്മുറിയുടെ വലുപ്പമുള്ള ഒരു കുടുസ്സുവേദി. സ്റ്റേജ് കഴിഞ്ഞ് കഷ്ടിച്ച് 50 പേർക്ക് ഉള്ളിൽ കയറാനുള്ള സ്ഥലമേ 'നന്ത്യാർവട്ട'ത്തിലുണ്ടായിരുന്നുള്ളൂ. ഹയർ സെക്കൻഡറി വിഭാഗം ലളിതഗാനം അനൗൺസ് ചെയ്തപ്പോൾതന്നെ വേദിക്കുള്ളിലെ കസേരകൾ നിറഞ്ഞു. ബാക്കിയുള്ള മത്സരാർഥികൾക്കും കാഴ്ചക്കാർക്കും പിന്നെ പുറത്തെ വെയിലുകൊള്ളുകയല്ലാതെ മാർഗമുണ്ടായിരുന്നില്ല. വെയിലുകൊണ്ടാലും കാണാൻ പറ്റിയല്ലോ എന്ന് സമാധാനിക്കാൻ വരട്ടെ, അടച്ചുറപ്പുള്ള വേദിയിൽനിന്ന് പുറത്തുവരുന്ന ശബ്ദം മാത്രം കേട്ട് തൃപ്തിപ്പെടേണ്ടിവന്നു മോഡൽ ബോയ്സിൽ എത്തിയവർക്ക്. ഉള്ളിൽ കയറിക്കൂടിയവരോട് എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചാൽ അവർ പറയും, ഇതിലും നല്ലത് 'ഗ്യാസ് ചേംബറാ'യിരുന്നൂന്ന്. പുറത്തുനിൽക്കുന്നവർ വേദിക്കു ചുറ്റും കൂടിയതോടെ അടച്ച വേദിയിലുള്ളവർക്ക് നേരാവണ്ണം ശ്വാസംപോലും കിട്ടിയില്ലെന്നാണ് ഇവരുടെ പരാതി. സംഘാടനത്തിലെ പിഴവുകൊണ്ട് വലഞ്ഞവർക്കെല്ലാം മത്സരാർഥികൾ ഒരുക്കിയിരുന്നത് ഗംഭീര സംഗീതസദ്യയായിരുന്നു. ഹൈസ്കൂൾ വിഭാഗം ലളിതഗാനത്തിൽ പങ്കെടുത്ത 15 ടീമുകളും ഹയർ സെക്കൻഡറി വിഭാഗത്തിൽ പങ്കെടുത്ത 18 ടീമുകളും എ ഗ്രേഡ് നേടിയാണ് മടങ്ങിയത്. തുടർന്ന്, അവതരിപ്പിച്ച സംഘഗാനവും മികച്ച അഭിപ്രായമാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.