പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി തുരുത്തി നിവാസികൾ കുടിവെള്ള ക്ഷാമത്താൽ പൊറുതിമുട്ടുന്നു. പതിവായി കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് ജില്ല കലക്ടർക്കും വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർക്കും നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. എൻജിനീയറെ തടയുന്നത് ഉൾപ്പെടെയുള്ള സമരമാർഗം സ്വീകരിച്ചിട്ടും ഒരു പരിഹാരവും ഉണ്ടായില്ലെന്ന് കോളനിവാസികൾ പറയുന്നു. പ്രക്ഷോഭം നടത്തുമ്പോൾ മാത്രം താൽക്കാലികമായി പ്രശ്നം തീർക്കാനാണ് അധികൃതർ ശ്രമിക്കുന്നതത്രെ. കഴിഞ്ഞ നാല് ദിവസവും കോളനിയിൽ കുടിവെള്ളം ലഭിച്ചിട്ടില്ല. നിത്യേന രാവിലെ കുടിവെള്ള പൈപ്പുകൾക്ക് മുന്നിൽ മണിക്കൂറുകളോളം കാത്തിരിക്കണം. തുരുത്തി കോളനിയുടെ സമഗ്ര വികസനത്തിനായി കെ.എം. ഷാജി എം.എൽ.എയുടെ വികസന പദ്ധതിയിൽ നിന്നും സമ്പൂർണ ഗ്രാമം പദ്ധതിക്ക് ഒരു കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ പോലും അധികൃതർക്ക് സാധിച്ചിട്ടില്ല. കരാറുകാർ കൃത്യമായി പ്രവൃത്തി പൂർത്തിയാക്കാതെ ലക്ഷങ്ങൾ പാഴാക്കിയതായും ആരോപണമുണ്ട്. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന കലക്ടറുടെ വാഗ്ദാനവും നടപ്പായില്ലെന്നാണ് കോളനിവാസികള്‍ പറയുന്നത്. അവഗണനക്കെതിരെ ശക്തമായ സമരമാർഗത്തിലേക്ക് നീങ്ങാനാണ് കോളനിവാസികളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.