തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പൂർണഗര്‍ഭിണിയും ഗര്‍ഭസ്ഥശിശുവും മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് വിജിലന്‍സ് സംഘം അന്വേഷണമാരംഭിച്ചു. രണ്ടാമത്തെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കൂത്തുപറമ്പ് മാങ്ങാട്ടിടം മാണിക്കോത്ത് വയല്‍ മനോജ് ഭവനില്‍ പി. മനോജിെൻറ ഭാര്യ രമ്യയും (30) ഗര്‍ഭസ്ഥശിശുവും മരിച്ച സംഭവത്തിലാണ് വിജിലന്‍സ് അന്വേഷണമാരംഭിച്ചത്. കോഴിക്കോട് വിജിലന്‍സ് വിഭാഗം- രണ്ടിലെ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആശയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജനറല്‍ ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തിയത്. ബുധനാഴ്ച രാവിലെ 10ഒാടെയെത്തിയ സംഘം ഡോക്ടര്‍മാര്‍, ജീവനക്കാര്‍, രമ്യയുടെ ബന്ധുക്കള്‍ എന്നിവരുള്‍പ്പെടെ നിരവധിപേരില്‍നിന്ന് മൊഴിയെടുത്തു. വൈകീട്ട് ആറുവരെ അന്വേഷണസംഘം ജനറല്‍ ആശുപത്രിയില്‍ െചലവഴിച്ചു. ഡിസംബർ 26ന് പുലർച്ചയാണ് കേസിനാധാരമായ സംഭവം. ഡോക്ടറുടെയും ജീവനക്കാരുേടയും അനാസ്ഥയാണ് യുവതിയുടെയും ഗര്ഭസ്ഥശിശുവിെൻറയും മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രസവ വാര്‍ഡിലെ ജീവനക്കാര്‍ രാത്രിയിലുടനീളം വാട്സ് ആപ്പില്‍ കളിക്കുകയായിരുന്നുവെന്നും ജീവനക്കാരുടെ അശ്രദ്ധയാണ് യുവതിയുടെ മരണത്തിന് കാരണമെന്നും ബന്ധുക്കള്‍ അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സുമാരായ പി. ഷിജിന, സി. സിന്ധു എന്നിവരെ ജില്ല മെഡിക്കൽ ഒാഫിസർ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. യുവതിയുടെ മരണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷം ഉടലെടുക്കുകയും പ്രതിഷേധക്കാര്‍ ഡ്യൂട്ടി ഡോക്ടറെ തടയുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എ.എന്‍. ഷംസീര്‍ എം.എല്‍.എ സംഭവം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയും മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. ഡിസംബർ 21നാണ് രമ്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 25ന് രാത്രി 9.30ന് വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രസവമുറിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, പിറ്റേദിവസം പുലര്‍ച്ച മൂന്നരയോടെ രമ്യ മരിച്ചതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. രാത്രി രണ്ടുവരെ രമ്യ ആരോഗ്യവതിയായിരുന്നുവെന്നും 20 മിനിറ്റിന് ശേഷം മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞത്. സംഭവത്തിൽ അസ്വാഭാവികമരണത്തിനാണ് തലശ്ശേരി പൊലീസ് കേസെടുത്തത്. നഴ്സുമാരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.