പഴയങ്ങാടി: ഏഴോം ഗ്രാമപഞ്ചായത്ത് പരിധിയിലെ പഴയങ്ങാടി മുട്ടുകണ്ടി പുഴയിലെ കണ്ടൽക്കാടുകൾക്കിടയിലും പുഴയോരത്തും മാലിന്യം തള്ളൽ തകൃതി. പരിസ്ഥിതി പ്രാധാന്യമേറിയ, നിരവധി ജലജീവികളുടെ ആവാസവ്യവസ്ഥയായ കണ്ടൽക്കാടുകൾക്ക് ഭീഷണിയാവുകയാണ് ഇത്. ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യനിർമാർജനം ലക്ഷ്യമിട്ട് ശുചീകരിച്ച പുഴയും പുഴയോരവും മലിനമാകുമ്പോഴും അധികൃതർ നിസ്സംഗത പുലർത്തുകയാണ്. ജില്ല കലക്ടറുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ പുഴമലിനീകരണത്തിനെതിരെ ബോധവത്കരണം നടത്തിയ മേഖലയാണിത്. ജില്ലയിലെ കണ്ടൽ സാന്നിധ്യത്തിൽ മുന്നിട്ടുനിൽക്കുന്ന മേഖലയാണ് മുട്ടുകണ്ടി പുഴ. പ്രാന്തൻ കണ്ടൽ, പൂക്കണ്ടൽ, ഉപ്പട്ടി, ചക്കരക്കണ്ടൽ തുടങ്ങി അപൂർവയിനം കണ്ടലുകൾ ഉൾപ്പെടെ ഇവിടെയുണ്ട്. സമൃദ്ധമായി കണ്ടൽ വളരുന്ന ഈ മേഖലയിലാണ് വ്യാപകമായി മാലിന്യം തള്ളുന്നത്. അറവുമാലിന്യം, പ്ലാസ്റ്റിക് മാലിന്യം, രാസ മാലിന്യം തുടങ്ങിയവ കണ്ടൽക്കാടുകൾക്കിടയിലെ പതിവുകാഴ്ചയാണ്. രാത്രിയിലാണ് പുഴയിലും പുഴയോരത്തും കണ്ടൽക്കാടുകൾക്കിടയിലും മാലിന്യം വ്യാപകമായി തള്ളുന്നത്. രാത്രിയിൽ ഇതുവഴി ഗതാഗതവും ജനസഞ്ചാരവും കുറവായത് മാലിന്യം തള്ളുന്നവർക്ക് സൗകര്യപ്രദമാണ്. അപൂർവയിനം മത്സ്യങ്ങളുടെയും ജലജീവികളുടെയും പ്രധാന ആവാസകേന്ദ്രമായ കണ്ടൽക്കാടുകൾക്കിടയിലെ മാലിന്യ സാന്നിധ്യം ഇവയുടെ നാശത്തിന് കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളുമുയർത്തുന്നു. കണ്ടൽക്കാടുകൾക്കിടയിൽനിന്ന് തെരുവുനായ്ക്കൾ മാലിന്യം വലിച്ച് റോഡിൽ കൊണ്ടിടുന്നുണ്ട്. രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.