സയനൈഡ് മോഹന് ജീവപര്യന്തം

മംഗളൂരു: ബണ്ട്വാളിലെ യുവതിയെ കൊലപ്പെടുത്തിയ കേസിൽ സയനൈഡ് മോഹൻ എന്ന കെ. മോഹൻകുമാറിന് അഡീ. ജില്ല സെഷൻസ് കോടതി (ആറ്) ജഡ്ജി ഡി.ടി. പുട്ടരംഗസ്വാമി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അധ്യാപകനായിരുന്ന ഇയാൾ കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. ഇതടക്കം ദക്ഷിണ കന്നട, കാസർകോട് ജില്ലകളിലെ 20 യുവതികളെ ബലാത്സംഗം ചെയ്ത് കൊന്ന കേസുകളിലെ പ്രതിയാണ് ഇയാൾ. ബണ്ട്വാൾ മെഗിന മലഡിയിലെ 28കാരി 2009 സെപ്റ്റംബർ 25ന് കൊല്ലപ്പെട്ട കേസിലാണ് വിധി. ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് സംഭവദിവസം ബണ്ട്വാളിൽനിന്ന് ഹാസനിലേക്ക് കൊണ്ടുപോയി ലോഡ്ജിൽ ബലാത്സംഗം ചെയ്യുകയും പിറ്റേന്ന് രാവിലെ ഗർഭപ്രതിരോധ മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് സയനൈഡ് ഗുളിക നൽകി കൊലപ്പെടുത്തുകയുമായിരുന്നു. പൊതു ശുചിമുറിയിൽ പോയി ഗുളിക കഴിച്ച യുവതി കുഴഞ്ഞുവീണ് മരിച്ചു. യുവതിയുടെ ആഭരണങ്ങളും പണവും മൊബൈൽ ഫോണും കൈക്കലാക്കി ഇയാൾ രക്ഷപ്പെടുകയായിരുന്നു. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കവർച്ച, തെളിവുകൾ നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ പ്രകാരമുള്ള ശിക്ഷയാണ് വിധിച്ചത്. സമാനരീതിയിലുള്ള 20 കൊലപാതകങ്ങൾ നടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.