കാസർകോട്: ജില്ലയിലെ മൂന്ന് പ്ലാേൻറഷന്‍ കോര്‍പറേഷൻ ഗോഡൗണുകളില്‍ സൂക്ഷിച്ച 1900 ലിറ്റർ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന് സാമ്പിൾ ശേഖരിച്ചു. പൊതുമേഖല സ്ഥാപനമായ കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡ് (എച്ച്.ഐ.എൽ) കമ്പനിയിലെ വിദഗ്ധരാണ് നേതൃത്വം നൽകിയത്. വെള്ളിയാഴ്ച രാവിലെ പെരിയ ഗോഡൗണിലും ഉച്ചയോടെ രാജപുരം എസ്റ്റേറ്റിെൻറ പാണത്തൂർ ഡിവിഷനിലെ ഗോഡൗണിലും വൈകീട്ട് ചീമേനി ഗോഡൗണിലുെമത്തി സാമ്പിൾ ശേഖരിച്ചു. രാത്രിയോടെയാണ് പൂർത്തിയായത്. എച്ച്.ഐ.എൽ ടെക്നിക്കൽ മാനേജർ ജെ. സന്തോഷ്കുമാർ, സേഫ്റ്റി ഒാഫിസർ ആൻറണി മിലാഷ്, ക്വാളിറ്റി കൺട്രോൾ സൂപ്പർവൈസർ ഡോ. ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കനത്ത സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് ബാരൽ തുറന്ന് സാമ്പിൾ ശേഖരിച്ചത്. എൻഡോസൾഫാൻ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ വി.പി. അബ്ദുറഹിമാൻ മേൽനോട്ടം വഹിച്ചു. ജില്ല മലിനീകരണ നിയന്ത്രണ ഒാഫിസർ, പ്രിൻസിപ്പൽ കൃഷി ഒാഫിസർ എന്നിവരും ജില്ല മെഡിക്കൽ ഒാഫിസറുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘവും സ്ഥലത്തെത്തിയിരുന്നു. അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടാൻ ഫയർഫോഴ്സ്, പൊലീസ് സന്നാഹവും ഉണ്ടായിരുന്നു. ശേഖരിച്ച സാമ്പിളുകൾ ലബോറട്ടറികളിൽ കൊണ്ടുപോയി വീര്യം പരിശോധിച്ച ശേഷമാണ് നിർവീര്യമാക്കാനുള്ള നടപടി സ്വീകരിക്കുക. എച്ച്.െഎ.എൽ കൊച്ചി, കാസർകോട് സി.പി.സി.ആർ.െഎ, ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പെസ്റ്റിസൈഡ് ഫോർമുലേഷൻ, ബംഗളൂരുവിലെ ശ്രീരാം പെസ്റ്റ് ഹൗസ് എന്നീ സ്ഥാപനങ്ങളുടെ ലബോറട്ടറികളിലാണ് പരിശോധന നടത്തുക. പരിശോധന ഫലം ലഭിക്കാൻ രണ്ട് മാസത്തോളം വേണ്ടിവരുമെന്ന് എച്ച്.ഐ.എൽ ടെക്നിക്കൽ മാനേജർ ജെ. സന്തോഷ്കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. എച്ച്.ഐ.എൽ കണ്ടെത്തിയ ഡി ടോക്സിഫിക്കേഷൻ സാേങ്കതികവിദ്യ ഉപയോഗിച്ചാണ് നിർവീര്യമാക്കുക. എൻഡോസൾഫാൻ നിരോധിച്ച ശേഷം ഗോഡൗണുകളിൽ സൂക്ഷിച്ച കീടനാശിനി നിർവീര്യമാക്കാൻ 2014 ജനുവരി 28ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചതാണെങ്കിലും നാലുവർഷം കഴിഞ്ഞിട്ടും നടപ്പാക്കാനായില്ല. 2012ൽ ചീമേനിയിലെ ഗോഡൗണിൽ ചോർച്ചയുണ്ടായതായി പരാതിയുയർന്നതിനെ തുടർന്ന്, ജില്ല കലക്ടറായിരുന്ന വി.എൻ. ജിതേന്ദ്രെൻറ നിർദേശ പ്രകാരം സുരക്ഷിത ബാരലിലേക്ക് മാറ്റിയിരുന്നു. ബാരലിെൻറ സുരക്ഷാ കാലാവധി കഴിഞ്ഞതോടെയാണ് നിർവീര്യമാക്കാൻ തീരുമാനിച്ചത്. ഫെബ്രുവരി എട്ടിന് മന്ത്രി ഇ. ചന്ദ്രശേഖരെൻറ സാന്നിധ്യത്തിൽ ചേർന്ന എൻഡോസൾഫാൻ ദുരിത പരിഹാര സെൽ യോഗത്തിലെ തീരുമാനപ്രകാരമാണ് സാമ്പിൾ ശേഖരണം നടത്തിയത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് തത്തേങ്ങലത്ത് പ്ലാേൻറഷൻ കോർപറേഷെൻറ ഗോഡൗണിൽ സൂക്ഷിച്ച 314 ലിറ്റർ എൻഡോസൾഫാനും നിർവീര്യമാക്കും. ..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.