ശ്രീകണ്ഠപുരം: മൗനമെങ്കിലും വാചാലമായിരുന്നു ഈ വീട്. എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചയായി പ്രാർഥനയോടെ ഉറക്കമൊഴിഞ്ഞ് പിതാവിനെ കാത്തിരിക്കുകയാണ് സനയും റിയയും. ചെങ്ങളായി പഞ്ചായത്തിലെ തേർലായി ദ്വീപിലെ സംസാരശേഷിയില്ലാത്ത കുയ്യാറക്കണ്ടി കമാൽ (50) വീട്ടിലെത്താതായിട്ട് 13 ദിനം പിന്നിട്ടു. ബന്ധുക്കൾ നൽകിയ പരാതിയിൽ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിരുന്നു. നാട്ടുകാരും ബന്ധുക്കളും പൊലീസും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കമാലിനെ കണ്ടെത്താനായില്ല. സംസാരിക്കാൻ കഴിയില്ലെന്നതിനാൽ കമാൽ എവിടെയെത്തിയെന്ന് കണ്ടെത്തുക പ്രയാസകരമാണെന്ന് പൊലീസും പറയുന്നു. നീല ഷർട്ടും വെള്ളമുണ്ടും ധരിച്ചാണ് കമാൽ വീടിറങ്ങിയത്. പിതാവ് തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ വീട്ടുവരാന്തയിൽ കണ്ണീരുമായി കാത്തിരിക്കുകയാണ് മക്കളായ ഫാത്തിമത്ത് സനയും റിയ ഫാത്തിമയും. രണ്ട്, നാല് ക്ലാസുകളിൽ പഠിക്കുന്ന മക്കളെ എന്തുപറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടതെന്നറിയാതെ സങ്കടത്തിൽ കഴിയുകയാണ് ഉമ്മ സമീറ. സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ള ഈ കുടുംബം കെ.എം.സി.സി നൽകിയ ബൈത്തുറഹ്മയിലാണ് താമസം. തേർലായിലെ പുതിയാറമ്പത്ത് മുഹമ്മദ്--ആമിന ദമ്പതികളുടെ ഒമ്പതു മക്കളിൽ കമാൽ ഉൾപ്പെടെ നാലുപേർ സംസാരശേഷിയില്ലാത്തവരായിരുന്നു. ഇതിൽ മൂത്തയാളായ മൊയ്തീൻ വളപട്ടണംപുഴയിൽ തോണിയിൽനിന്ന് വീണ് മരിച്ചു. മറ്റു മക്കളായ റഷീദ്, മൂസാൻ, നഫീസ എന്നിവർ അസുഖം ബാധിച്ചും മരിച്ചു. ദുരന്തങ്ങൾ ഏറെ വേട്ടയാടിയ അതേ കുടുംബത്തിൽ ഇന്നും സങ്കടക്കടൽ നിലച്ചിട്ടില്ല. കമാൽ തിരികെയെത്തുമെന്ന കാത്തിരിപ്പിലാണ് തേർലായി ദ്വീപ് നിവാസികൾ. കണ്ടെത്താൻ നടപടിയാവശ്യപ്പെട്ട് പഞ്ചായത്തംഗം മൂസാൻകുട്ടി തേർലായി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.