പയ്യന്നൂര്‍: ഏറക്കാലത്തെ കാത്തിരിപ്പിനൊടുവിൽ പയ്യന്നൂർ താലൂക്ക് എന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക്. മാര്‍ച്ച് 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ താലൂക്ക് ഉദ്ഘാടനം നിർവഹിക്കും. രാവിലെ 10ന് റവന്യൂ മന്ത്രി കൂടി പങ്കെടുക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം നടക്കുക. കഴിഞ്ഞ ഡിസംബര്‍ അഞ്ചിലെ മന്ത്രിസഭ യോഗത്തില്‍ താലൂക്ക് ഓഫിസ് പ്രവര്‍ത്തനത്തിന് 55 പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ ഭരണാനുമതി നൽകിയിരുന്നു. താലൂക്ക് സംബന്ധിച്ച െഗസറ്റ് വിജ്ഞാപനവും മറ്റു നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാണ് ഉദ്ഘാടനം നടക്കുന്നത്. രണ്ട് തഹസില്‍ദാര്‍മാരും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരും ഏഴ് ജൂനിയർ സൂപ്രണ്ടുമാരും ഉൾപ്പെടെയാണ് 55 തസ്തികകൾ പുതുതായി സൃഷ്ടിച്ചത്. പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ ആലപ്പടമ്പ്, എരമം, കാങ്കോല്‍, കരിവെള്ളൂര്‍, കോറോം, കുറ്റൂര്‍, പയ്യന്നൂര്‍, പെരളം, പെരിങ്ങോം, പെരിന്തട്ട, പുളിങ്ങോം, രാമന്തളി, തിരുമേനി, വയക്കര, വെള്ളോറ, വെള്ളൂര്‍ എന്നീ 16 വില്ലേജുകള്‍ക്കുപുറമെ കണ്ണൂര്‍ താലൂക്കിലെ പാണപ്പുഴ, കടന്നപ്പള്ളി, ചെറുതാഴം, കുഞ്ഞിമംഗലം, മാടായി, ഏഴോം എന്നീ ആറു വില്ലേജുകൾ ഉള്‍പ്പെടെ 22 വില്ലേജുകളാണ് പയ്യന്നൂര്‍ താലൂക്കിലുണ്ടാവുക. സര്‍ക്കാര്‍ നിയോഗിച്ച വെള്ളോടി കമീഷന്‍ പഠനം നടത്തി കേരളത്തില്‍ രൂപവത്കരിക്കേണ്ട താലൂക്കുകളിൽ പ്രഥമ പരിഗണന നൽകേണ്ടത് പയ്യന്നൂരിനാണെന്ന് 1959ല്‍തന്നെ ശിപാര്‍ശ ചെയ്തിരുന്നു. അന്നുമുതല്‍ തുടങ്ങിയ കാത്തിരിപ്പാണ് ആറു പതിറ്റാണ്ടിനുശേഷം യാഥാർഥ്യമാകുന്നത്. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറിെൻറ കാലത്ത് താലൂക്ക് രൂപവത്കരണത്തിന് മുന്നോടിയായി പയ്യന്നൂരില്‍ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം അനുവദിച്ചിരുന്നു. 2015 ഒക്ടോബര്‍ രണ്ടിന് യു.ഡി.എഫ് ഭരണകാലത്ത് മന്ത്രി അടൂര്‍ പ്രകാശ് ഇത് ഉദ്ഘാടനം ചെയ്തു. എന്നിട്ടും താലൂക്ക് ഉദ്ഘാടനം നീണ്ടു. മിനി സിവില്‍ സ്റ്റേഷൻ പൂര്‍ത്തിയായപ്പോൾ പയ്യന്നൂർ താലൂക്ക് പ്രവർത്തനം ഉടൻ തുടങ്ങുമെന്ന് ജനം കരുതിയെങ്കിലും അതുണ്ടായില്ല. പിന്നീട്, സംസ്ഥാനത്ത് 13 പുതിയ താലൂക്കുകൾ പ്രഖ്യാപിച്ചപ്പോൾ പയ്യന്നൂർ ഉൾപ്പെട്ടില്ല. എൽ.ഡി.എഫിെൻറ പ്രകടനപത്രികയിൽ പയ്യന്നൂർ താലൂക്ക് രൂപവത്കരിക്കുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നു. സി. കൃഷ്ണൻ എം.എൽ.എയുടെ നിരന്തരമായ പരിശ്രമത്തിെൻറ ഫലം കൂടിയാണ് യാഥാർഥ്യമാകാൻ പോകുന്ന പയ്യന്നൂർ താലൂക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.