തപസ് സൗജന്യ ഡയാലിസിസ് കേന്ദ്രം വീണ്ടും പ്രവര്‍ത്തനം തുടങ്ങി

തളിപ്പറമ്പ്: നിര്‍ധന വൃക്കരോഗികള്‍ക്ക് ആശ്രയമായിരുന്ന തളിപ്പറമ്പ് ഏഴാം മൈലിലെ തപസ് സൗജന്യ ഡയാലിസിസ് കേന്ദ്രം വീണ്ടും പ്രവര്‍ത്തനം തുടങ്ങി. പാവപ്പെട്ട വൃക്കരോഗികളെ സഹായിക്കുക ലക്ഷ്യമിട്ട് തളിപ്പറമ്പിലെ പ്രവാസി കൂട്ടായ്മയായ തളിപ്പറമ്പ് പ്രവാസി അസോസിയേഷനാണ് തപസ് എന്നപേരില്‍, സഞ്ജീജീവനി പാലിയേറ്റിവ് യൂനിറ്റി​െൻറ സഹകരണത്തോടെ സൗജന്യ ഡയാലിസിസ് കേന്ദ്രം ആരംഭിച്ചത്. നാലു വര്‍ഷത്തിനിടെ ആയിരക്കണക്കിന് നിർധന വൃക്കരോഗികള്‍ക്കാണ് തപസ് ആശ്വാസമേകിയത്. പിന്നീട്, മലിനജലം ശേഖരിക്കുന്ന ടാങ്ക് നിർമാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എതിര്‍പ്പിനെ തുടർന്നാണ് കഴിഞ്ഞ ഡിസംബറിൽ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ദിവസേന രണ്ടു ഷിഫ്റ്റിലായി 11 പേര്‍ക്ക് ഇവിടെ ഡയാലിസിസ് നൽകിയിരുന്നു. ഇതിനിടയില്‍ ഡയാലിസിസ് മെഷീന്‍ ഉള്‍പ്പെടെ കത്തിനശിച്ച് 25 ലക്ഷം രൂപയോളം നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തളിപ്പറമ്പിലെയും സമീപ പ്രദേശങ്ങളിലേയും സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരും പ്രവാസികളും കൈകോര്‍ത്താണ് ഡയാലിസിസ് കേന്ദ്രം പുനരുദ്ധരിച്ചത്. സാമ്പത്തികബാധ്യതകള്‍ മറികടക്കുന്നതിനും പ്രവര്‍ത്തനം സുഗമമാക്കുന്നതിനും ഡോ. ഇദ്്രീസി​െൻറ നേതൃത്വത്തിലുള്ള തണല്‍ കൂട്ടായ്മകൂടി തപസുമായി സഹകരിച്ച് നവീകരണപ്രവര്‍ത്തനങ്ങൾ നടത്തി. മണ്ണിനടിയില്‍ നിർമിച്ച ടാങ്കിൽ മലിനജലം ശേഖരിക്കുന്നതിനു പകരം 10,000 ലിറ്റര്‍ സംഭരണശേഷിയുള്ള ഫൈബര്‍ ടാങ്ക് പുറേമ സ്ഥാപിച്ചാണ് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കിയത്. ശനിയാഴ്ച പ്രവര്‍ത്തനമാരംഭിച്ച കേന്ദ്രത്തിൽ ഇപ്പോൾ മൂന്നുപേര്‍ക്കാണ് ഡയാലിസിസ് ചെയ്യുന്നത്. രണ്ടാഴ്ചക്കകം പൂർണതോതില്‍ പ്രവര്‍ത്തനം നടത്താനാകുമെന്നാണ് പ്രതീക്ഷ. ഇതോടെ ദിനംപ്രതി രണ്ടു ഷിഫ്റ്റുകളിലായി 11 പേര്‍ക്ക് സൗജന്യ ഡയാലിസിസ് നടത്താനാകും. ഒരു വര്‍ഷത്തിനകം ആധുനിക സൗകര്യങ്ങളോടുകൂടിയ സ്വന്തം കെട്ടിടത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് സേവനം എത്തിക്കുന്നതിനുള്ള ശ്രമത്തിലാണിവർ. സൗജന്യ ഡയാലിസിസ് സേവനം ആവശ്യമുളളവര്‍ 9895170003 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.