വയൽക്കിളികളുടെ രണ്ടാംഘട്ട സമരം തുടങ്ങി

തളിപ്പറമ്പ്: വയൽ നികത്തിയുള്ള ദേശീയപാത വികസനം അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നുകൊണ്ടുള്ള വയൽക്കിളികളുടെ രണ്ടാംഘട്ട സമരം ആരംഭിച്ചു. ചുടല-കുറ്റിക്കോൽ ബൈപാസുമായി ബന്ധപ്പെട്ട് വിജ്ഞാപനം വന്ന സാഹചര്യത്തിൽ ഏതുസമയത്തും ഉദ്യോഗസ്ഥർ വയൽ അളക്കാൻ എത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാംഘട്ട സമരം തുടങ്ങിയത്. സമരം പരിസ്ഥിതിപ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. വയൽ നികത്തി റോഡ് നിർമാണം പ്രഖ്യാപിച്ച അധികാരികളുടെ വികസനലക്ഷ്യം പാടം നികത്തുക എന്നതാണെന്ന് നീലകണ്ഠൻ പറഞ്ഞു. അതുകൊണ്ടാണ് പകരം നിർദേശത്തെ കുറിച്ച് ചിന്തിക്കാത്തത്. റോഡില്ലെങ്കിൽ വേറെ റോഡ് കണ്ടെത്തി പോകാൻ കഴിയും. എന്നാൽ, ജലമില്ലാതാക്കിയാൽ പകരം കണ്ടെത്താൻ കഴിയില്ലെന്നും റോഡ് മനുഷ്യന് മാത്രമുള്ളതാകുമ്പോൾ ജലം എല്ലാ ജീവികൾക്കും അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. സി. മനോഹരൻ അധ്യക്ഷത വഹിച്ചു. എൻ. സുബ്രഹ്മണ്യൻ, പി.ടി. തോമസ്, കെ. സുനിൽ കുമാർ, വിനോദ് പയ്യട, സണ്ണി അമ്പാട്ട്, നോബിൾ പൈക്കട, ജാനകിയമ്മ എന്നിവർ സംസാരിച്ചു. സുരേഷ് കീഴാറ്റൂർ സ്വാഗതം പറഞ്ഞു. ഒന്നാംഘട്ട സമരത്തി​െൻറ ഭാഗമായി വയൽക്കിളി പ്രവർത്തകർ ഒരുമാസത്തോളം നിരാഹാരസമരം നടത്തിയിരുന്നു. ഇതേതുടർന്ന് മന്ത്രി ചർച്ച നടത്തുകയും ബദൽമാർഗത്തെ കുറിച്ച് പഠിക്കാമെന്നും അറിയിച്ചതോടെയാണ് സമരം പിൻവലിച്ചത്. എന്നാൽ, നേരത്തെ പ്രഖ്യാപിച്ച വയലിലൂടെയുള്ള നോട്ടിഫിക്കേഷൻ വീണ്ടും പ്രസിദ്ധീകരിച്ചതോടെയാണ് സമരം ശക്തമാക്കാൻ വയൽക്കിളികൾ തീരുമാനിച്ചത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.