ട്രാഫിക് സിഗ്‌നൽ വന്നിട്ടും ശ്രീകണ്ഠപുരത്ത് അപകടങ്ങൾ പതിവ്

ശ്രീകണ്ഠപുരം: സെൻട്രൽ ജങ്ഷനിൽ സ്ഥാപിച്ച ട്രാഫിക് സിഗ്‌നൽ സംവിധാനം നോക്കുകുത്തിയാക്കി വാഹനങ്ങളുടെ മരണപ്പാച്ചിൽ. ട്രാഫിക് സിഗ്‌നൽ വകവെക്കാത്ത വാഹനങ്ങളെ നിയന്ത്രിക്കാൻ അധികൃതർ നടപടിയെടുക്കാത്തതും നിയമലംഘനം വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം സിഗ്നൽ തെറ്റിച്ചുവന്ന ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റിരുന്നു. സെൻട്രൽ ജങ്ഷനിൽ മൂന്ന് സ്ഥലത്തായാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. കെ.സി. ജോസഫ് എം.എൽ.എയുടെ ഫണ്ടിൽ നിന്നുള്ള 12 ലക്ഷം രൂപ ചെലവഴിച്ചാണ് സിഗ്‌നൽ സ്ഥാപിച്ചത്. എന്നാൽ, സിഗ്‌നൽ നോക്കി റോഡ് മുറിച്ചുകടക്കാൻ നോക്കിയാൽ വണ്ടിയിടിക്കുന്ന അവസ്ഥയാണ്. ലക്ഷങ്ങൾ മുടക്കി സിഗ്‌നൽ ലൈറ്റ് സ്ഥാപിച്ചിട്ടും വാഹനങ്ങൾ നിർത്തേണ്ട സ്ഥലമോ സീബ്രാ വരകളോ ഒന്നും റോഡിൽ രേഖപ്പെടുത്തിയിട്ടില്ല. ഈ വരകൾ ഇല്ലാത്തതിനാൽ പല ഡ്രൈവർമാരും സിഗ്‌നൽ ലൈറ്റുകൾ ഉണ്ടെന്ന കാര്യം ശ്രദ്ധിക്കാതെ പോകുന്നു. സിഗ്‌നൽ ലംഘനം പിടികൂടാൻ കാമറയും സ്ഥാപിച്ചിട്ടില്ല. പൊലീസ് സ്ഥാപിച്ച കാമറയുണ്ടെങ്കിലും അത് സിഗ്‌നൽ ലംഘിച്ചുപോകുന്ന വാഹങ്ങളുടെ നമ്പർ വ്യക്തമാക്കാൻ പര്യാപ്തമല്ല. സിഗ്നൽ ലൈറ്റിനു സമീപം കാമറ സ്ഥാപിക്കണമെന്നും റോഡ് മുറിച്ചുകടക്കാൻ സംവിധാനം ഒരുക്കണമെന്നും നാട്ടുകാർ പറഞ്ഞു. സിഗ്നൽ അവഗണിച്ച് പോകുന്ന വാഹനങ്ങൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.