പ്രഖ്യാപനത്തിന് ആറു വയസ്സ്; യാഥാർഥ്യമാവാതെ നടുവിൽ പോളിടെക്നിക്

നടുവിൽ: പ്രഖ്യാപിച്ച് ആറുവർഷം കഴിഞ്ഞിട്ടും യാഥാർഥ്യമാകാതെ നടുവിൽ പോളിടെക്നിക്. പോളിടെക്നിക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ടെക്നിക്കൽ സ്കൂളി​െൻറ പുതിയ കെട്ടിടത്തിൽ സ്കൂളി​െൻറതന്നെ പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്. ഇതോടെ പോളിടെക്നിക് യാഥാർഥ്യമാകുന്ന കാര്യം കൂടുതൽ ആശങ്കയിലായി. കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ ആദ്യ നൂറുദിന പരിപാടിയിലാണ് നടുവിൽ പോളിടെക്നിക് പ്രഖ്യാപിച്ചത്. മലയോര വാസികളുടെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മുതൽക്കൂട്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ജില്ലയിലെ നാലാമത്തെ പോളിടെക്നിക്കാണ് അധികൃതരുടെ കെടുകാര്യസ്ഥതമൂലം മുടങ്ങിക്കിടക്കുന്നത്. പ്രഖ്യാപനം നടത്തിയെന്നതല്ലാതെ മറ്റ് നടപടികളൊന്നും അന്നത്തെ യു.ഡി.എഫ് സർക്കാർ സ്വീകരിച്ചിരുന്നില്ല. നടുവിലിലെ ടെക്നിക്കൽ സ്കൂളിനുവേണ്ടി നിർമിച്ച കെട്ടിടം വിട്ടുകൊടുത്ത് പോളിടെക്നിക് യാഥാർഥ്യമാക്കാൻ സർക്കാറി​െൻറ അവസാന കാലത്ത് ശ്രമം നടന്നുവെങ്കിലും ഇത് പ്രാവർത്തികമായില്ല. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സ്വീകരിച്ച നടപടിക്ക് തുടർനടപടിയുണ്ടായില്ല. സ്ഥലവും കെട്ടിടവും വിട്ടുകൊടുത്തുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇല്ലാത്തതുമൂലം എ.ഐ.സി.ടി.ഇ പോളിടെക്നിക്കിന് അനുമതി നിഷേധിക്കുകയായിരുന്നു. പിന്നീട്, യു.ഡി.എഫ് സർക്കാറി​െൻറ അവസാന കാലത്ത് കൈക്കൊണ്ട ചില ഉത്തരവുകൾ അപാകത ചൂണ്ടിക്കാട്ടി പുതിയതായി വന്ന എൽ.ഡി.എഫ് സർക്കാർ റദ്ദാക്കിയതിൽ ഈ ഉത്തരവും ഉൾപ്പെട്ടു. എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റ് വർഷം ഒന്ന് കഴിഞ്ഞിട്ടും നടപടികളൊന്നുമുണ്ടായിട്ടില്ല. വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഇതും വാഗ്ദാനം മാത്രമായി. ടെക്നിക്കൽ സ്കൂൾ സന്ദർശിച്ച ടെക്നിക്കൽ സ്കൂൾ ഡയറക്ടറുടെ നിർദേശപ്രകാരമാണ് പൂട്ടിക്കിടന്ന പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയത്. കെ.സി. ജോസഫ് എം.എൽ.എയുടെയും എ.കെ. ആൻറണി എം.പിയുടെയും 50 ലക്ഷം വീതമുള്ള പ്രാദേശിക ഫണ്ടുപയോഗിച്ച് നിർമിക്കുന്ന ചെറിയ കെട്ടിടമാണ് ഇനി പോളിടെക്നിക്കിനായുള്ളത്. ഒരു നില മാത്രമാണ് പൂർത്തിയായത്. ഇതിൽ പോളിയുടെ ലാബ് പ്രവർത്തിക്കാനുള്ള സൗകര്യം പോലും ഇല്ല. ഭരണകക്ഷിയോ പ്രതിപക്ഷമോ ഈ വിഷയത്തിൽ കാര്യമായ ഇടപെടലുകൾ നടത്താതിരിക്കുമ്പോൾ പോളിടെക്നിക് എപ്പോൾ യാഥാർഥ്യമാകുമെന്ന കാര്യം ആശങ്കയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.