കണ്ണൂർ: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല ആയുർവേദത്തെയും കായൽ ടൂറിസത്തെയും അമിതമായി ആശ്രയിക്കുന്നതായും സഹകരണ മേഖലയെ കൂട്ടുപിടിച്ച് വലിയ മുന്നേറ്റങ്ങൾ നടത്തണമെന്നും സഹകരണ കോൺഗ്രസിൽ നടന്ന സെമിനാർ. 'സഹകരണ മേഖലയും ടൂറിസവും' എന്ന വിഷയത്തിൽ കിറ്റ്സ് പ്രിൻസിപ്പൽ ഡോ. ബി. രാജേന്ദ്രൻ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ടൂറിസം മേഖല നേരിടുന്ന വെല്ലുവിളികൾ പ്രതിപാദിച്ചത്. കേരളത്തിലെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കുന്നുണ്ട്. രാജ്യത്തെത്തുന്ന വിദേശ സഞ്ചാരികളിൽ ഏറെയും സംസ്ഥാനത്തും എത്തുന്നുണ്ട്. ആയുർവേദവും കായൽ ടൂറിസവുമായി ബന്ധപ്പെട്ടാണ് വിദേശ സഞ്ചാരികളിൽ അധികം പേരുമെത്തുന്നത്. ആയുർവേദ ചികിത്സ അന്വേഷിച്ച് എത്തുന്നവരിൽ 90 ശതമാനവും യൂറോപ്, അമേരിക്കൽ െഎക്യനാടുകൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. കുട്ടനാട് കായൽപരപ്പിന് താങ്ങാവുന്നതിലപ്പുറമാണ് ഹൗസ് ബോട്ടുകളുടെ എണ്ണം. ഹൗസ് ബോട്ടുകളിലെ മാലിന്യവും കായലിലേക്ക് തന്നെയാണ് നിക്ഷേപിക്കുന്നത്. ഇന്നത്തെ രീതിയിൽ മുന്നോട്ടുപോവുകയാണെങ്കിൽ വൈകാതെ കായൽ ടൂറിസത്തിെൻറ ആകർഷണീയത ഇല്ലാതാകും. ഉത്തരവാദിത്ത ടൂറിസത്തിന് കൂടുതൽ ഉൗന്നൽ നൽകണം. ടൂറിസം മേഖലയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിനു പുറമെ (പി.പി.പി), പൊതു-സഹകരണ പങ്കാളിത്ത മാതൃകകളും (പി.സി.പി) ആരംഭിക്കണം. ശ്രദ്ധേയമായ ടൂറിസം പദ്ധതികൾ സർക്കാറിനും സഹകരണ സംഘങ്ങൾക്കും യോജിച്ച് നടത്താവുന്നതാണ്. ചൂഷണരഹിതമായ ടൂറിസം ഒാരോരുത്തർക്കും ഉറപ്പുനൽകാൻ ഇതിലൂടെ സാധിക്കുമെന്നും സെമിനാറിൽ അഭിപ്രായമുയർന്നു. ഇക്കോ ടൂറിസവും സാഹസിക ടൂറിസവും കൂടുതലായി പ്രോത്സാഹിപ്പിക്കണമെന്നും പ്രബന്ധത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.