ശ്രീകണ്ഠപുരം: കുടകരുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമായ പയ്യാവൂർ ശിവക്ഷേത്രത്തിലെ ഊട്ടുത്സവത്തിന് തിങ്കളാഴ്ച തുടക്കമാവും. കുടകിൽനിന്ന് കാളപ്പുറത്ത് അരിയുമായെത്തിയ കുടകർ കിരാതമൂർത്തിക്ക് ഞായറാഴ്ച വൈകീട്ടോടെ താഴത്തമ്പലത്തിൽ അരിസമർപ്പണം നടത്തി. കുടകിലെ ബഹൂരിയൻറ, മുണ്ടയോടൻറ തറവാട്ടുകാരാണ് ക്ഷേത്രത്തിൽ അരി സമർപ്പിച്ചത്. ഇവർ എട്ടിന് കുടകിൽനിന്ന് കാളകൾക്കൊപ്പം അരിയുമായി പുറപ്പെട്ട് അതിർത്തിവനത്തിലൂടെ കാലിയാർമല കടന്നാണ് ക്ഷേത്രത്തിലെത്തിയത്. ഞായറാഴ്ച രാവിലെ പഴശ്ശി കോട്ടത്തിെൻറ പരിസരത്തുനിന്ന് ഭക്തർ ഇവരെ ശിവക്ഷേത്രത്തിലേക്ക് ആനയിച്ചു. താഴത്തമ്പലത്തിൽ കുടകരുടെ അരി അളവ് നടന്നതോടെ വിവിധ ക്ഷേത്രങ്ങളിൽനിന്നുള്ള കലവറനിറക്കൽ ഘോഷയാത്രയും നടന്നു. 12 മുതൽ 21 വരെ എല്ലാ ദിവസവും വൈകീട്ട് അഞ്ചിന് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും ഉണ്ടാകും. 12ന് പയ്യാവൂർ, കൈതപ്രം ദേശവാസികളുടെയും 15ന് കാഞ്ഞിലേരി, 21ന് ചേടിച്ചേരി ദേശവാസികളുടെയും ഊട്ടുകാഴ്ച നടക്കും. 20ന് കുടകർ വീണ്ടും അരിയുമായി ക്ഷേത്രത്തിലെത്തും. 20നും 21നും രാവിലെ കുടകരുടെ അരി അളവ് നടക്കും. 20ന് രാത്രി എട്ടിന് വലിയ തിരുവത്താഴത്തിനുള്ള അരി അളവും 21ന് രാവിലെ കുടകിൽനിന്നുള്ള കാളകളെ ക്ഷേത്രത്തിന് മുന്നിൽ തൊഴീക്കുന്ന ചടങ്ങും നടക്കും. രാത്രി കുടകരുടെ തുടിക്കൊട്ടിപ്പാട്ട് ഉണ്ടാകും. മഹോത്സവ ദിനമായ 22ന് രാവിലെ നെയ്യമൃത്കാർ ക്ഷേത്രത്തിൽ നെയ്യൊപ്പിക്കും. തുടർന്ന് പൂർണപുഷ്പാഞ്ജലി. ഉച്ചക്ക് തിരുനൃത്തവും നെയ്യമൃത്കാരുടെ കുഴിയടുപ്പിൽ നൃത്തവും. വൈകീട്ട് നാലിന് ചൂളിയാട് നിവാസികളുടെ ഓമനക്കാഴ്ച ക്ഷേത്രത്തിലെത്തും. കുടകർ തുടർന്ന് നാട്ടിലേക്ക് മടങ്ങും. 23ന് രാവിലെ ഇളനീരാട്ടം, കളഭാട്ടം, നെയ്യാട്ടം എന്നിവയുണ്ടാകും. അടീലൂണിന് ശേഷം നെയ്യമൃത്കാർ വീടുകളിലേക്ക് മടങ്ങും. സമാപന ദിനമായ 24ന് ഉച്ചക്ക് പയ്യാറ്റുവയലിലേക്ക് ആറാട്ടെഴുന്നള്ളത്ത്. രാത്രി എട്ടിന് കളത്തിലരിയും പാട്ടോടെ സമാപനം. 12 മുതൽ 24 വരെ ദേവസ്വം ഓഡിറ്റോറിയത്തിൽ വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.