ദേശീയപാത വികസനം: ഗസറ്റ്​ വിജ്​ഞാപനത്തിനു മുമ്പ്​ നഷ്​ടപരിഹാരം അനുവദിച്ചവർ പാക്കേജിന്​ പുറത്ത്​

കാസർകോട്: ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കുന്നതിന് ഭൂമി വിട്ടുകൊടുത്തവർക്ക് സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനത്തിനു മുമ്പ് നഷ്ടപരിഹാരത്തുക അനുവദിച്ചവർക്ക് ബാധകമാവില്ല. 2017 ഡിസംബർ 29നാണ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചത്. ഇൗ തീയതിമുതൽ നഷ്ടപരിഹാരത്തുക അനുവദിക്കാൻ ബാക്കിയുള്ളവർക്ക് മാത്രമാണ് റവന്യൂവകുപ്പി​െൻറ പാക്കേജ് ബാധകമാവുകയെന്ന് ഉത്തരവിൽ പറയുന്നു. നഷ്ടപരിഹാര ഉടമ്പടി അംഗീകരിച്ച് ഒപ്പുവെച്ച ഭൂരിഭാഗം ആളുകൾക്കും പാക്കേജി​െൻറ ആനുകൂല്യം ലഭിക്കാനിടയില്ല. ഭൂമി ഏറ്റെടുക്കുേമ്പാൾ വീട് നഷ്ടപ്പെട്ടവർക്ക് ഗ്രാമീണമേഖലയിൽ ഉൾപ്പെട്ടവരാണെങ്കിൽ ഇന്ദിര ആവാസ് യോജന മാനദണ്ഡപ്രകാരമുള്ള വീടും നഗരപ്രദേശത്താണെങ്കിൽ 50 ചതുരശ്രമീറ്റർ ചുറ്റളവുള്ള വീടും പകരം നിർമിച്ചുനൽകുമെന്നാണ് പാക്കേജിൽ പറയുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മൂന്നുവർഷം മുമ്പ് മുതലെങ്കിലും പദ്ധതിപ്രദേശത്ത് തുടർച്ചയായി താമസിച്ചുവരുന്നവർക്കാണ് ഇത് ലഭിക്കുക. സർക്കാർ നിർമിച്ചുനൽകുന്ന വീട് സ്വീകരിക്കാൻ താൽപര്യമില്ലാത്തവർക്ക് വരുമാനപരിധിയില്ലാതെ മൂന്നുലക്ഷം രൂപയിൽ കുറയാത്ത തുക നിർമാണച്ചെലവായി നൽകുമെന്നും പാക്കേജിൽ പറയുന്നു. ഏറ്റെടുത്ത ഭൂമിയിൽനിന്ന് മാറ്റിപ്പാർപ്പിക്കപ്പെടുന്നവർക്ക് നഷ്ടപരിഹാരം അനുവദിച്ചത് മുതൽ ഒരുവർഷത്തേക്ക് പ്രതിമാസം 5000 രൂപ വീതം ആശ്വാസധനമായി നൽകണം. കുടിയൊഴിപ്പിക്കപ്പെടുന്നത് പട്ടികജാതി, വർഗ വിഭാഗത്തിൽപെട്ടവരാണെങ്കിൽ അവരുടെ ഭാഷക്കും സംസ്കാരത്തിനും സാമൂഹികജീവിതത്തിനും അനുയോജ്യമായ അന്തരീക്ഷമുള്ള സ്ഥലത്തായിരിക്കണം മാറ്റിപ്പാർപ്പിക്കേണ്ടത്. കാസർകോട് ജില്ലയിൽ തലപ്പാടി മുതൽ കാലിക്കടവ് വരെയുള്ള ഭാഗത്തുമാത്രം വീടുകളടക്കം 2132 കെട്ടിടങ്ങളാണ് ഒഴിപ്പിക്കപ്പെടുന്നത്. 22,000ത്തോളം ആളുകളെ ഇത് ബാധിക്കുമെന്നാണ് കണക്ക്. വേണു കള്ളാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.