മട്ടന്നൂര്‍: ഇരിട്ടി താലൂക്കില്‍ അനുവദിച്ച ജോയൻറ് ആര്‍.ടി ഓഫിസ് ആരംഭിക്കുന്നതിന് മട്ടന്നൂരില്‍ സ്ഥലപരിശോധന നടത്തി. ഇരിട്ടി റോഡിലെ കെട്ടിടവും ഗ്രൗണ്ടുമാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. മട്ടന്നൂരില്‍ കെട്ടിടവും ഗ്രൗണ്ടും അനുയോജ്യമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. തലശ്ശേരി ജോയൻറ് ആര്‍.ടി.ഒ എ.കെ. രാധാകൃഷ്ണെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. പുതുതായി രൂപവത്കരിച്ച താലൂക്കുകളില്‍ കഴിഞ്ഞ ദിവസമാണ് ആര്‍.ടി.ഒ ഒാഫിസ് അനുവദിച്ചത്. കണ്ണൂര്‍ വിമാനത്താവളം യാഥാർഥ്യമാകുന്നതിനാല്‍ മട്ടന്നൂരില്‍ ആര്‍.ടി ഓഫിസ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് ഓഫിസിന് കെട്ടിടവും ഡ്രൈവിങ് ടെസ്റ്റിന് ആവശ്യമായ ഗ്രൗണ്ടും കണ്ടെത്തിയത്. മട്ടന്നൂര്‍-ഇരിട്ടി റോഡില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടവും മലക്കുതാഴെയില്‍ പഴശ്ശി പദ്ധതിയുടെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടുമാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. മട്ടന്നൂര്‍ നഗരസഭയാണ് ആവശ്യമായ സ്ഥലവും കെട്ടിടവും കണ്ടെത്തിയത്. ഓഫിസ് ഈ മാസം തന്നെ ആരംഭിക്കാനാണ് അധികൃതരുടെ നീക്കം. ജോയൻറ് ആര്‍.ടി.ഒ എം.പി. റിയാസ്, എം.വി.ഐ വി. രാജീവ്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എ.കെ. സുരേഷ് കുമാര്‍, വി.പി. ഇസ്മായില്‍, കൗണ്‍സിലര്‍ എം. ഗംഗാധരന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.