കാസർകോട്: റോഡിന് കുറുകെയോടിയ പൂച്ചയെ രക്ഷിക്കാൻ നിർത്തിയ ബൈക്കിനുപിന്നിൽ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം മരിച്ചു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന മേൽപറമ്പ് കീഴൂരിലെ പി.ബി. അഷ്‌റഫ് (45) ആണ് മരിച്ചത്. മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് കൗൺസിൽ അംഗവും കീഴൂർ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജറുമാണ്. വെള്ളിയാഴ്ച രാത്രി 7.10ഒാടെ കാസർകോട് -കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ കോട്ടരുവത്തിനും ചെമ്മനാടിനും ഇടയിലാണ് അപകടം. സുഹൃത്ത് അന്‍വർ ഒാടിച്ച ബൈക്കിന് പിന്നിലിരിക്കുകയായിരുന്നു അഷറഫ്. റോഡിന് കുറുകെ ഒാടിയ പൂച്ചയെക്കണ്ട് പെെട്ടന്ന് ബൈക്ക് ബ്രേക്ക് ചെയ്ത് നിർത്തിയപ്പോൾ തൊട്ടുപിന്നാലെ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തലയിടിച്ചുവീണ് സാരമായി പരിക്കേറ്റ അഷ്‌റഫിനെ കാസർകോെട്ട സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരിച്ചു. അന്‍വറിനും പരിക്കുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീഴൂരിലെ പി.ബി. ഇബ്രാഹീമിെൻറയും പരേതയായ സഫിയയുടെയും മകനാണ് അഷ്റഫ്. ഭാര്യ: റഹ്മത്ത് (ചെമ്മനാട് ഗ്രാമ പഞ്ചായത്ത് അംഗം). മക്കൾ: അജ്നാസ്, അനസ്, ആയിഷ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, റഫീഖ്, അബൂബക്കർ, ഫരീദ, ബീവി, സാജിദ, സുമയ്യ. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ. പടം: Accident death _ashraf PB
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.