പയ്യന്നൂർ: പരിയാരം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം ദേശീയപാതയിലെ ഡിവൈഡർ വീണ്ടും അപകടക്കെണിയായി. വെള്ളിയാഴ്ച രാത്രിയിൽ ഇന്നോവ കാർ ഡിവൈഡറിൽ കയറി എൻജിനും മറ്റും തകർന്നു. കാർ മറിയാത്തതിനാൽ വൻദുരന്തം വഴിമാറി. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. അപകടങ്ങൾ ഒഴിവാക്കാൻ നിർമിച്ച ഡിവൈഡർ അരഡസനോളം അപകടമാണ് കഴിഞ്ഞ ആറുമാസത്തിനിടയിൽ വരുത്തിവെച്ചത്. ഇറക്കത്തിൽ അതിവേഗം വരുന്ന വാഹനങ്ങൾ ഡിവൈഡറിൽ കയറി അപകടത്തിൽപെടുകയാണ് പതിവ്. അപകടം തുടർക്കഥയായതോടെ സിഗ്നൽ ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ, ഒരുമാസം മുമ്പുണ്ടായ അപകടത്തിൽ ഇത് തകർന്നു. പിന്നീട് ഇത് വെക്കാൻ തയാറാവാത്തതാണ് ഇന്നലെ രാത്രിയിലെ അപകടത്തിനു കാരണമായത്. പരിയാരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലാണ് ഈ അപകടക്കെണി. ഡിവൈഡർ സ്ഥാപിച്ചത് അശാസ്ത്രീയമാണെന്ന പരാതിയും നിലനിൽക്കുന്നു. ഇറക്കത്തിലെ ഡിവൈഡർ മുകളിൽ അതിയടം റോഡിനടുത്തു നിന്നുമുതൽ സ്ഥാപിച്ചാൽ വാഹനങ്ങളുടെ വേഗതയും അപകടവും കുറക്കാനാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല, വലിയ സിഗ്നൽ ബോർഡ് സ്ഥാപിക്കുകയും വേണം. കൂടുതലായും രാത്രികാലത്താണ് ഇവിടെ അപകടം നടക്കുന്നത്. വൻദുരന്തം സംഭവിക്കുന്നതിനു മുമ്പ് നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.