പയ്യന്നൂർ: കോളിളക്കം സൃഷ്ടിച്ച പയ്യന്നൂർ തെക്കെ മമ്പലത്തെ അബ്ദുൽ ഹക്കീമിെൻറ അറുകൊലക്ക് നാലാണ്ട്. കേരള പൊലീസ് മാറിമാറി അന്വേഷിച്ചിട്ടും ഫലം കാണാത്ത കേസിൽ സി.ബി.ഐ എത്തിയിട്ടും യഥാർഥ പ്രതികൾ നിയമത്തിെൻറ മുന്നിലെത്തിയില്ല. 2014 ഫെബ്രുവരി 10ന് പുലർച്ചെയാണ് ഹക്കീമിെൻറ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കൊറ്റി ജുമാമസ്ജിദ് പറമ്പിൽ മദ്റസക്കുസമീപം കണ്ടെത്തിയത്. തൊട്ടടുത്തുണ്ടായിരുന്ന ബനിയനാണ് മരിച്ചത് മസ്ജിദിലെ വാടക പിരിവുകാരനായ ഹക്കീമാണെന്ന് തിരിച്ചറിയാൻ സഹായകമായത്. അവശേഷിച്ച മൃതദേഹാവശിഷ്ടം തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. പരിയാരം മെഡിക്കൽ കോളജ് പൊലീസ് സർജൻ ഡോ.എസ്.ഗോപാലകൃഷ്ണപിള്ളയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, തലക്കടിയേറ്റതാണ് മരണകാരണമെന്ന് വ്യക്തമാക്കിയതോടെ കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു. തുടക്കം മുതൽ പൊലീസ് അന്വേഷണത്തിൽ അനാസ്ഥ കാണിച്ചതായി നാട്ടുകാർ ആരോപിച്ചു. ആറു മണിക്കുമുമ്പ് മദ്റസാധ്യാപകർ വിളിച്ചറിയിച്ചിട്ടും പൊലീസ് എത്തിയത് ഒമ്പതുമണിയോടെയായിരുന്നു. പയ്യന്നൂർ കണ്ട ഏറ്റവും വലിയ സമരം വിവിധ ഘട്ടങ്ങളിൽ അരങ്ങേറിയതോടെ ആദ്യം പ്രത്യേക അന്വേഷണ സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. എന്നാൽ, പ്രതികളെ പിടികൂടാനായില്ല. ഈ സാഹചര്യത്തിൽ ഹക്കീമിെൻറ കുടുംബവും ആക്ഷൻ കമ്മിറ്റിയും ഹൈകോടതിയെ സമീപിച്ചു. ഹൈകോടതി കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു. ഇതു പ്രകാരം 2015 ഒക്ടോബറിൽ കേസന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. സി.ബി.ഐ ഡിവൈ.എസ്.പി പി.ജെ. ഡാർവിെൻറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം തുടങ്ങിയത്. കേസിൽ നാലുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തുവെങ്കിലും കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായവരെ കണ്ടെത്താനായില്ലെന്നാണ് പറയപ്പെടുന്നത്. അറസ്റ്റിലായവർ 90 ദിവസത്തെ റിമാൻഡ് കഴിഞ്ഞ് ജാമ്യത്തിലിറങ്ങി. ഇതിനിടയിൽ മറ്റ് പ്രതികളെ കണ്ടെത്താനോ വേണ്ടത്ര തെളിവുകൾ ശേഖരിക്കാനോ അന്വേഷണ സംഘത്തിനായില്ല. നേരത്തേ, ക്രൈംബ്രാഞ്ച് സംഘത്തെ സ്വാധീനിക്കാനുള്ള ശ്രമം നടന്നതായും പരാതി ഉയർന്നു. യഥാർഥ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് എല്ലാ അന്വേഷണ സംഘങ്ങളും ഉറപ്പു നൽകിയെങ്കിലും ഇതുവരെ അത് പാലിക്കാനായില്ല. യഥാർഥ പ്രതികളെ കണ്ടെത്താനായില്ലെങ്കിൽ നാലുപേരെ എന്തിന് അറസ്റ്റ് ചെയ്തുവെന്ന ചോദ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. അതേസമയം, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. സന്തോഷ് കുമാറും സി.ഐ അബ്ദുൽ റഹീമും ഉൾപ്പെടുന്ന സംഘം അന്വേഷണത്തിൽ ഏറെ മുന്നേറിയിരുന്നതായി സൂചനയുണ്ടായിരുന്നു. ഇതിനിടയിലാണ് അന്വേഷണം മന്ദഗതിയിലായതും കേസ് സി.ബി.ഐ ഏറ്റെടുത്തതും. സി.ബി.ഐ വന്നതോടെ, കൊലക്കുപിന്നിൽ പ്രവർത്തിച്ചവർ നിയമത്തിെൻറ മുന്നിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാരും കുടുംബവും. മുഖം രക്ഷിക്കാൻ നാലുപേരെ അറസ്റ്റ് ചെയ്തതല്ലാതെ സി.ബി.ഐയുടെ തുടരന്വേഷണവും ലോക്കൽ പൊലീസിെൻറ വഴിയിലൂടെയാണ് നീങ്ങുന്നതെന്നാണ് നാട്ടുകാർ കുറ്റപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.