കാസർകോട്: എൻഡോസൾഫാൻ ദുരന്തബാധിതരുടെ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരെ ഉൾപ്പെടുത്താൻ പുനഃപരിശോധന നടത്തുേമ്പാൾ വീണ്ടും വിദഗ്ധ ഡോക്ടർമാർ പരിശോധിക്കണമെന്ന് ജില്ല കലക്ടർ. എന്നാൽ, ഒരിക്കൽ പരിശോധിച്ചവരെ വീണ്ടും പരിശോധിക്കുന്നത് ആശയക്കുഴപ്പത്തിനിടയാക്കുമെന്നും അവർ ദുരിതബാധിതമേഖലയിൽ ഉൾപ്പെട്ടവരാണോ എന്നതുമാത്രം പരിശോധിച്ചാൽ മതിയെന്നും മന്ത്രി ഇ. ചന്ദ്രശേഖരനും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള നേതാക്കളും. എൻഡോസൾഫാൻ ദുരിതപരിഹാര, പുനരധിവാസ സെൽ യോഗത്തിലാണ് വ്യത്യസ്ത അഭിപ്രായങ്ങളുയർന്നത്. 2017 ഏപ്രിലില്‍ നടത്തിയ പ്രത്യേക മെഡിക്കല്‍ ക്യാമ്പിൽ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ നിർദേശിക്കപ്പെട്ടവരിൽനിന്ന് ഒഴിവാക്കപ്പെട്ട 1618 പേരെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തുന്നത് ചർച്ചചെയ്യുന്നതിനിടെയാണ് മന്ത്രിയും കലക്ടറും വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്. ''ഡോക്ടർമാരുടെ പരിശോധന ഇനി വേണ്ടതില്ല. പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരോ അവരുടെ രക്ഷിതാക്കളോ എൻഡോസൾഫാൻ പ്രയോഗിച്ച കാലയളവിൽ ദുരിതബാധിതമേഖലയിലെ ഏതെങ്കിലും പഞ്ചായത്തിലുണ്ടായിരുന്നോ എന്ന കാര്യം മാത്രം പരിശോധിച്ചാൽ മതി. ഇനി ജനിക്കുന്ന കുട്ടികളിൽപോലും ഇങ്ങനെയുള്ളവരാകാൻ സാധ്യതയുണ്ട്'' -യോഗത്തിൽ അധ്യക്ഷതവഹിച്ച സെൽ ചെയർമാൻ കൂടിയായ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കൂടുതൽ ശാസ്ത്രീയ പരിശോധനക്ക് മറ്റെെന്തങ്കിലും മാർഗങ്ങളുണ്ടെങ്കിൽ നിർേദശിക്കാമെന്നും അദ്ദേഹം അറിയിച്ചു. ദുരിതബാധിത പഞ്ചായത്തിലുണ്ടായിരുന്നു എന്നതുകൊണ്ടുമാത്രം എൻഡോസൾഫാൻ ഇരയാകണമെന്നിെല്ലന്നാണ് കലക്ടർ കെ. ജീവൻ ബാബു അഭിപ്രായപ്പെട്ടത്. മാനസികവൈകല്യം, അർബുദം എന്നിവയുണ്ടാകുന്നത് എൻഡോസൾഫാൻ കാരണമാണെന്ന് പറയാൻ കഴിയില്ല. 1973 മുതൽ 2000 വരെയുള്ള കാലയളവിൽ ദുരിതബാധിത മേഖലയിൽ ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണം. അതിനുശേഷം ശാരീരികവിഷമതകൾ വേറെ ഏതെങ്കിലും കാരണം കൊണ്ടുണ്ടായതാണോ എന്നാണ് ഡോക്ടർ പരിശോധിക്കേണ്ടതെന്നും കലക്ടർ വിശദീകരിച്ചു. കലക്ടർ ആശയക്കുഴപ്പമുണ്ടാക്കുകയാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. സതീഷ്ചന്ദ്രൻ പറഞ്ഞു. ഡോക്ടർമാർ പരിശോധന നടത്തിയിട്ടാണ് 1905 പേരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് നിർദേശിച്ചത്. ഇനിയും പരിശോധന വേണമെന്നു പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടർമാരുടെ പരിശോധന കഴിഞ്ഞ് തയാറാക്കിയ ലിസ്റ്റിൽനിന്നാണ് ആളുകൾ ഒഴിവാക്കപ്പെട്ടതെന്ന് കെ.ബി. മുഹമ്മദ് കുഞ്ഞിയും പറഞ്ഞു. 1905 പേരുടെ പട്ടികയിൽ എൻഡോസൾഫാനുമായി ബന്ധമില്ലാത്തവർ ഉണ്ടായിരുന്നുവെന്ന് എൻ.എച്ച്.എം ജില്ല പ്രൊജക്ട് മാനേജര്‍ ഡോ. രാമന്‍ സ്വാതിവാമന്‍ പറഞ്ഞു. എം.എൽ.എമാരായ എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമൻ, എം. രാജഗോപാലൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ, ആർ.ഡി.ഒ സി. ബിജു തുടങ്ങിയവർ സംസാരിച്ചു. എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ വി.പി. അബ്ദുറഹ്മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.