പെട്രോളിയം സംഭരണശാല: ഭൂമി ഏറ്റെടുക്കൽ ഉടമകളുടെ സമ്മതത്തോടെ

തിരുവനന്തപുരം: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോർപറേഷന്‍ പയ്യന്നൂര്‍ പുഞ്ചക്കാട് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പെട്രോളിയം സംഭരണശാലക്ക് ഭൂമി ഏറ്റെടുക്കുന്നത് ഉടമകളുടെ സമ്മതത്തോടെയും പരസ്പര ചര്‍ച്ചയിലൂടെയും മാത്രമാകുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും നിലവിലെ നിയമപ്രകാരം പുനരധിവാസവും നഷ്ടപരിഹാരത്തിനുള്ള നടപടികളും ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എണ്ണ സംഭരണശാല സ്ഥാപിക്കുന്നതി​െൻറ ഗുണങ്ങള്‍ കാണാതിരിക്കാനാവില്ല. ആ ഭാഗത്ത് ഇന്ധനലഭ്യത കൂടും. റോഡുകളിലൂടെയുള്ള ടാങ്കര്‍ ലോറികളുടെ സഞ്ചാരം ഗണ്യമായി കുറക്കാനാകും. നിര്‍മാണ ജോലി മുഖേനയും അല്ലാതെയും തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നും സി. കൃഷ്ണ​െൻറ സബ്മിഷന് മുഖ്യമന്ത്രി മറുടപടി നൽകി. ഭൂമി എറ്റെടുക്കുന്ന നടപടികളില്‍ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് കണ്ണൂര്‍ കലക്ടറുടെ അധ്യക്ഷതയില്‍ തെളിവെടുപ്പ് നടന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡി​െൻറ നേതൃത്വത്തിലായിരുന്നു ഹിയറിങ്. പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ടിലെ അപാകതകള്‍ സംബന്ധിച്ച് എതിര്‍പ്പുകള്‍ വന്നിട്ടുണ്ട്. ഇതി​െൻറ അടിസ്ഥാനത്തിൽ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.