തലശ്ശേരി: പൊലീസ് സ്റ്റേഷൻ എന്ന് കേട്ടപ്പോൾ ആദ്യം അമ്പരപ്പും പേടിയും. അടുത്തിടപഴകിയപ്പോൾ തമാശയും സൊറപറച്ചിലും. ടെലിവിഷനിലും മറ്റും കണ്ട പൊലീസുകാരെ നേരിട്ട് കണ്ടപ്പോൾ വിദ്യാർഥികളുടെ മുഖത്ത് നിറഞ്ഞ സന്തോഷം. പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളജിന് കീഴിലുള്ള അൽ ഫിതുറ പ്രീ സ്കൂൾ വിദ്യാർഥികളാണ് വിനോദയാത്രയുടെ ഭാഗമായി പൊലീസ് സ്റ്റേഷനും ഫയർസ്റ്റേഷനും സന്ദർശിച്ചത്. പാഠ്യപദ്ധതിയുടെ ഭാഗമായുള്ള സന്ദർശനങ്ങൾ വിദ്യാർഥികൾക്കും അധ്യപികമാർക്കും മറ്റുള്ള വിനോദയാത്രകളിൽനിന്ന് വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. ആദ്യം സന്ദർശനം നടത്തിയ ധർമടം ബീച്ച് മറക്കാനാവാത്ത അനുഭവമായിരുന്നു കുരുന്നുകൾക്ക്. അവിടെയുണ്ടായിരുന്ന 'കുട്ടി ബോട്ടിങ്' ഊഞ്ഞാലും കടൽക്കാഴ്ചകളും പുത്തൻ അനുഭവങ്ങളായി. ഒട്ടകങ്ങളെയും കുതിരയെയുമൊക്കെ മതിവരുവോളം കണ്ടശേഷമാണ് തലശ്ശേരി ഫയർസ്േറ്റഷനിൽ എത്തുന്നത്. ഹൃദ്യമായ സ്വീകരണമാണ് ഇവിടത്തെ സേനാംഗങ്ങൾ വിദ്യാർഥികൾക്ക് നൽകിയത്. ഫയർ എൻജിൻ വാഹനം പുറത്തേക്കെടുത്ത് വെള്ളം ചീറ്റിക്കൊണ്ട് തീ കെടുത്തുന്നത് എങ്ങനെയാണെന്ന് കുട്ടികൾക്ക് കാണിച്ചുകൊടുത്തു. കുരുന്നുകളോട് ഉദ്യോഗസ്ഥർ കുശലാന്വേഷണവും നടത്തി. ഇതിനുശേഷമാണ് പൊലീസുകാരെ കാണാൻ കുട്ടികൾ തലശ്ശേരി ഡിവൈ.എസ്.പി ഓഫിസിലേക്ക് പോയത്. പൊലീസിനെ കണ്ടതോടെ ഒരു കുട്ടി കരയാൻ തുടങ്ങി. എന്നാൽ, പൊലീസുകാർ പിഞ്ചുകുട്ടികളുടെ ചങ്ങാതിമാരായി മാറി. പിസ്റ്റളും മെഷീൻഗണ്ണും ഗ്രനേഡും സെല്ലും കുട്ടികളെ കാണിക്കാനും അവർ മറന്നില്ല. പൊലീസിന് സ്നേഹം തിരിച്ചുനൽകാൻ കുട്ടികൾ മനോഹരമായ ഗാനം ആലപിച്ചു. അവസാനം ഇനിയെന്തെങ്കിലും കാണാനുണ്ടോ എന്ന് എസ്.ഐ ചോദിച്ചപ്പോൾ ''കള്ളനെ കണ്ടില്ല സാറേ'' എന്നൊരുത്തൻ പറഞ്ഞത് എല്ലാവരിലും ചിരി പടർത്തി. തിരക്കുപിടിച്ച ജോലിത്തിരക്കിനിടയിലും കുട്ടികളോടൊത്തുള്ള സഹവാസം പൊലീസുകാർക്കും നവ്യാനുഭവമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.