തലശ്ശേരി: വെള്ളിത്തിരയിലെ സ്വപ്നതാരങ്ങൾ മണ്ണിലിറങ്ങിയപ്പോൾ തലശ്ശേരിക്ക് കലയുടെ മൊഞ്ച് കുടപിടിച്ച പതിനാലാം രാവിെൻറ ചന്തം. ഇത്രയും താരങ്ങളെ സിനിമയിൽ മാത്രം ഒന്നിച്ചുകണ്ടിട്ടുള്ള, വടക്കൻ മേഖലക്കാർക്ക്, പെരുന്നാളും ഓണവും ഒന്നിച്ചുവന്നതിലേറെ പെരുത്ത സന്തോഷമായി. 47ാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഏറ്റുവാങ്ങാനെത്തിയ താരങ്ങൾക്കും തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ പതിനായിരങ്ങളുടെ സന്തോഷത്തിരതള്ളൽ പുത്തൻ അനുഭവമായി. വൈകീട്ട് നാലു മുതൽ തുടങ്ങിയ ആഘോഷനിമിഷങ്ങൾക്ക് പാതിരാത്രിയും കഴിഞ്ഞാണ് തിരശ്ശീലവീണത്. മലബാറിൽ ആദ്യമായി വിരുന്നെത്തിയ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിന് നാടൻ തനത് കലാരൂപങ്ങളോടെയാണ് തുടക്കംകുറിച്ചത്. കതിരൂർ ഗുരുകുലം കളരിസംഘത്തിലെ ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന 30 പേരാണ് ആദ്യം അരങ്ങിലെത്തിയത്. വടകര മണിയൂരിലെ ദഫ്മുട്ട് സംഘവും പെരിങ്ങത്തൂരിലെ അറബനമുട്ട് സംഘവും പിന്നാലെയെത്തി. വാൾപയറ്റും ചുരികപ്പയറ്റും ഒറ്റക്കത്തി പ്രയോഗവും വെറുംകൈ പ്രകടനവും കളരിച്ചുവടുകളിൽ നിറഞ്ഞുനിന്നു. 5.30ഓടെ, തറികളുടെയും തിറകളുടെയും നാട്ടിൽ വിരുന്നെത്തിയ പുരസ്കാരവേദിയിലേക്ക് തെയ്യക്കോലങ്ങൾ പ്രവേശിച്ചു. ഒപ്പം, താഴെ ഒരുക്കിയ ഇരിപ്പിടത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട നായിക രജിഷ വിജയനുമെത്തി. പിന്നീട് വിശിഷ്ടാതിഥികൾ ഓരോരുത്തരായി എത്തുകയായിരുന്നു. 5.35ന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമെത്തി. 5.43ന് മാസ്മരിക നൃത്തച്ചുവടുകളുമായി മലയാളത്തിെൻറ പ്രിയനടി ശോഭന വേദിയിലെത്തി. ചാരുതയാർന്ന ചുവടുകളുമായി ശോഭനയും സംഘവും തലശ്ശേരിയെ കലയുടെ പൂമരത്തിലേക്ക് ആവാഹിച്ചു. സംവിധായകരായ കെ.ജി. ജോർജും, അടൂർ ഗോപാലകൃഷ്ണനുമടക്കമുള്ള സംവിധായകർ എത്തിയപ്പോഴും കൈയടികളുയർന്നു. പ്രൗഢമായ ഉദ്ഘാടനച്ചടങ്ങിനുശേഷം അവാർഡ് വിതരണം തുടങ്ങി. ആജീവനാന്ത സംഭാവനക്കുള്ള ജെ.സി. ഡാനിയേൽ പുരസ്കാരം മുഖ്യമന്ത്രിയിൽനിന്ന് അടൂർ ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി. സദസ്സിെൻറ നിറഞ്ഞ കൈയടികൾക്കിടയിലാണ് പുരസ്കാരം അദ്ദേഹം സ്വീകരിച്ചത്. പ്രത്യേക ജൂറി പരാമർശം ലഭിച്ച ദേശീയ അവാർഡ് ജേത്രി സുരഭി ലക്ഷ്മിക്കും കാണികളുടെ നിറഞ്ഞപിന്തുണ ലഭിച്ചു. സ്വഭാവനടൻ മണികണ്ഠനും മികച്ച നടൻ വിനായകനും കൂടുതൽ കൈയടികൾ ഏറ്റുവാങ്ങി. മാൻഹോൾ എന്ന സിനിമയുടെ മൂല്യമറിഞ്ഞുള്ള പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള വിലയിരുത്തൽ കൂടിയായിരുന്നു മികച്ച സംവിധായിക വിധു വിൻസെൻറിന് ലഭിച്ച കരഘോഷം. അവാർഡ്ദാന ചടങ്ങിനുശേഷം കലയുടെ പൂരത്തിന് കൊടിയുയർന്നു. എം. ജയചന്ദ്രൻ നയിച്ച സംഗീതവിരുന്ന് അവാർഡ് രാവിനെ മധുരമയമാക്കി. രമേഷ് നാരായണൻ, സിതാര കൃഷ്ണകുമാർ, ഗായത്രി, സുധീപ്കുമാർ, ബി. വസന്ത, രാജലക്ഷ്മി തുടങ്ങിയവർ പാടി. വിനീത്, ലക്ഷ്മി ഗോപാലസ്വാമി, വിനീത് കുമാർ, റീമ കല്ലിങ്കൽ, റോമ എന്നിവരുടെ നൃത്തച്ചുവടുകളും രമേശ് പിഷാരടി, കോട്ടയം നസീർ, സുരഭി, വിനോദ് കോവൂർ എന്നിവരുടെ ചിരിയുത്സവങ്ങളും കഴിയുേമ്പാേഴക്ക് പാതിരാത്രി പിന്നിട്ടിരുന്നു. പൈതൃകനഗരിയിൽ മറക്കാനാകാത്ത ഒരേടുകൂടി എഴുതിച്ചേർത്ത് സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിന് തിരശ്ശീല വീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.