സോളാർ റിപ്പോർട്ട് ലഭിക്കാൻ മാർഗങ്ങൾ തേടും -ഉമ്മൻ ചാണ്ടി കണ്ണൂർ: സോളാർ കമീഷൻ റിപ്പോർട്ട് ലഭിക്കാൻ നിയമപരമായ മാർഗങ്ങൾ തേടുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കമീഷൻ റിപ്പോർട്ട് കിട്ടേണ്ടത് ആവശ്യമാണ്. വസ്തുതകൾ കൃത്യമായി വിലയിരുത്താനും എന്തൊക്കെ കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളതെന്നും ആരുടെയൊക്കെ മൊഴികളാണ് തങ്ങൾക്കെതിരെയുള്ളത് എന്ന് മനസ്സിലാക്കാനും റിപ്പോർട്ട് കിട്ടണം. ഇതിന് നിയമപരമായി എന്തുചെയ്യാനാകുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു തെറ്റും ചെയ്യാത്ത സാഹചര്യത്തിൽ നിരപരാധിയെന്ന് തെളിയിക്കാനാകും. ഏത് അന്വേഷണത്തെയും ഭയക്കുന്നില്ല. ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് പറയുന്നവർ റിപ്പോർട്ട് കാണാത്ത ഞങ്ങളുടെ അവകാശം ആര് സംരക്ഷിക്കുമെന്ന് വ്യക്തമാക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സോളാർ റിപ്പോർട്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, റിപ്പോർട്ട് നൽകാൻ സാധിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രതികരണം. സോളാർ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് ഇപ്പോൾ പരസ്യപ്പെടുത്താനാവില്ലെന്നും റിപ്പോർട്ട് പരസ്യമാക്കുന്നത് നിയമവിരുദ്ധമാകുമെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.