സമരവിജയത്തോടെ അവസാനിക്കുന്നില്ല രാമന്തളി ജനതയുടെ കൂട്ടായ്മ

പയ്യന്നൂർ: പിറന്ന മണ്ണിൽ ശുദ്ധജലം കുടിച്ച് ജീവിക്കാൻ 90 ദിവസം തെരുവിലിറങ്ങി സമരം ചെയ്ത രാമന്തളി ജനതയുടെ കൂട്ടായ്മ സമരത്തിൽ മാത്രം അവസാനിക്കുന്നില്ല. സമരമുഖത്ത് ഒരു കുടുംബം പോലെ ഒത്തുചേർന്ന ജനാരോഗ്യ സംരക്ഷണ സമിതി പ്രവർത്തകരാണ് സമരത്തി​െൻറ വിജയത്തിനു ശേഷവും സേവന-കാരുണ്യ മേഖലകളിൽ കൂട്ടായ്മ വ്യാപിപ്പിക്കുന്നത്. അസുഖങ്ങൾ തളർത്തിയപ്പോൾ ജീവിതവഴിയിൽ പകച്ചുപോയ രാമന്തളി പ്രദേശത്തെ രണ്ട് കുടുംബങ്ങൾക്ക് ചികിത്സ ധനസഹായം നൽകിയും രാമന്തളി 13ാം വാർഡിലെ കാടുമൂടിയ റോഡുകൾ വൃത്തിയാക്കിയുമാണ് ജനാരോഗ്യ സംരക്ഷണ സമിതി പ്രവർത്തനവഴിയിൽ തുടർച്ച നിലനിർത്തുന്നത്. ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാൻറ് വിരുദ്ധ സമരത്തിൽ പങ്കെടുത്തതി​െൻറ ആവേശം ഒട്ടും ചോരാതെയാണ് ജനാരോഗ്യ സംരക്ഷണ സമിതി പ്രവർത്തകർ പുതിയ കർമപഥത്തിലും വ്യാപൃതരാവുന്നത്. പ്രവർത്തകർ പിരിച്ചെടുത്ത് നൽകിയ തുക നിരാലംബരായ രണ്ട് കുടുംബങ്ങൾക്ക് ആശ്വാസമായിരിക്കുകയാണ്. കുരിശുമുക്കിലെയും രാമന്തളി തെക്കുമ്പാട് പ്രദേശത്തെയും രണ്ട് കുടുംബങ്ങൾക്കാണ് സമിതി പ്രവർത്തകർ സഹായം സ്വരൂപിച്ച് നൽകിയത്. നേവൽ അക്കാദമി പഴയ ഗേറ്റ് റോഡ്, രാമന്തളി വില്ലേജ് ഓഫിസ് റോഡ്, തളിക്കുളം റോഡ് എന്നിവ കൂട്ടായ്മ പ്രവർത്തകർ ഞായറാഴ്ചകളിൽ ശുചീകരിച്ചു. വരുംദിവസങ്ങളിലും ജനകീയ പ്രവൃത്തികളിലൂടെ കൂട്ടായ്മ സജീവമായി നിലനിർത്താനാണ് വാർഡ് മെംബർ കൂടിയായ കൺവീനർ കെ.പി. രാജേന്ദ്ര​െൻറ നേതൃത്വത്തിലുള്ള സമരസമിതി തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.