25 കോടിയുടെ കുടിവെള്ളപദ്ധതിക്ക്​ ഭൂമി ഏറ്റെടുക്കുന്നതിൽ കാലതാമസം; മലയോരത്തി​െൻറ ദാഹമകറ്റുന്നത്​ അനിശ്ചിതത്വത്തിൽ

കേളകം: കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിൽ വിഭാവനം ചെയ്ത 25 കോടി രൂപയുടെ കുടിവെള്ളപദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നതിന് ഭൂമി ഏറ്റെടുക്കൽ കടമ്പയാകുന്നു. ഇതിനായി ജനകീയ സമിതികളെ െതരഞ്ഞെടുക്കുകയും സണ്ണി ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 70 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ, ആവശ്യമായിവന്ന കൂടുതൽ തുക ബന്ധപ്പെട്ട പഞ്ചായത്തുകൾ വകയിരുത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. നാലു വർഷം മുമ്പ് വിഭാവനം ചെയ്ത കുടിവെള്ളപദ്ധതി ഗ്രാമപഞ്ചായത്തുകളുടെ അലംഭാവംകാരണം അനിശ്ചിതമായി വൈകുകയാണ്. ദേശീയ ഗ്രാമീണ കുടിവെള്ളപദ്ധതിയുടെ ഭാഗമായി 64.10 കോടി രൂപയുടെ പദ്ധതിയിൽ ആദ്യഘട്ട പ്രവൃത്തികൾക്കാണ് 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. പ്രാരംഭഘട്ട പരിശോധനകളും സ്ഥലനിർണയവും നടന്നെങ്കിലും തുടർ പ്രവർത്തനങ്ങളാണ് മുടങ്ങിയത്. മൂന്നു പഞ്ചായത്തുകളിലെ 30 വാർഡുകളിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് ഉപകാരപ്പെടുന്നതാണ് പ്രസ്തുത പദ്ധതി. മലയോരത്തെ ജലസ്രോതസ്സുകളായ ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവയുടെ തീരങ്ങളിൽ യൂനിറ്റ് സ്ഥാപിക്കുകയാണ് ലക്ഷ്യം. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആവശ്യമായ ഭൂമി കെണ്ടത്തുകയും സമയബന്ധിതമായി ഏറ്റെടുത്തുനൽകാൻ കേളകം, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്ത് ഭാരവാഹികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഭൂമിയുടെ മൂല്യനിർണയം സംബന്ധിച്ച കടമ്പകളാണ് പദ്ധതി വൈകാൻ കാരണമെന്നാണ് അധികൃതരുടെ വാദം. ഇതിനായി വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗങ്ങൾ നിരന്തരം നടന്നിട്ടും പരിഹാരം അനിശ്ചിതമായി വൈകുകയാണ്. കേളകം, കണിച്ചാർ പഞ്ചായത്തുകളാണ് ഭൂമി ഏറ്റെടുത്ത് വാട്ടർ അതോറിറ്റിക്ക് കൈമാറേണ്ടത്. ബാവലി-, ചീങ്കണ്ണിപ്പുഴകൾ സംഗമിക്കുന്ന കാളിക്കയത്ത് പമ്പ് ഹൗസ്, കിണർ, ശുചീകരണ പ്ലാൻറ് എന്നിവയും ഇവിടെ നിന്ന് മഞ്ഞളാംപുറത്ത് വെള്ളമെത്തിച്ച് മേമല, പൂവത്തിൻചോല എന്നിവിടങ്ങളിൽ ടാങ്കുകളും സ്ഥാപിക്കുവാനാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഭൂമി ഏറ്റെടുത്ത് അനുമതിപത്രങ്ങളും രേഖകളും കൈമാറിയാൽ ഉടൻ ടെൻഡർനടപടി പൂർത്തിയാക്കാമെന്ന നിലപാടിലാണ് വാട്ടർ അതോറിറ്റി അധികൃതർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.