അപകടം വരുത്തിയ ശേഷം നിർത്താതെപോയ വനം വകുപ്പ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ
കൂത്തുപറമ്പ്: കാറിന്റെ പിറകിൽ ഇടിച്ചശേഷം നിർത്താതെപോയ വനം വകുപ്പിന്റെ വാഹനം നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപിച്ചു. തിങ്കളാഴ്ച രാവിലെ 9.45ഓടെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം.
ഇരിട്ടി ഭാഗത്തുനിന്ന് വന്ന വനംവകുപ്പിന്റെ വാഹനമാണ് കാറിൽ ഇടിച്ച് അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയത്. അപകടത്തിൽ കാർ യാത്രക്കാരിയായ കതിരൂർ സ്വദേശിനി നിബക്ക് (29) പരിക്കേറ്റു. യുവതിയെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. അപകടമുണ്ടാക്കിയ ശേഷം തലശ്ശേരി ഭാഗത്തേക്ക് പോയ വാഹനം പാറാലിൽ നാട്ടുകാർ പിടികൂടുകയായിരുന്നു. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.
ആറളം ഫോറസ്റ്റ് ഓഫിസിലെ വാഹനത്തിന്റെ താൽക്കാലിക ഡ്രൈവർ ഇരിട്ടി സ്വദേശി പി. രഘുനാഥിനെയാണ് (54) കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഡ്രൈവറെന്ന് പൊലീസ് പറഞ്ഞു. വനം വകുപ്പിന്റെ വാഹനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല. വൈദ്യപരിശോധനക്ക് ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.