ചന്ദ്രനും രമയും
എടക്കാട്: നടാൽ മഹാവിഷ്ണു ക്ഷേത്രമുറ്റത്ത് ഞായറാഴ്ച രാവിലെ നടന്നത് അപൂർവ വിവാഹം. 85കാരനായ വടക്കേച്ചാലിൽ ചന്ദ്രനും 65കാരിയായ ആഡൂർ മേപ്പാട് രമയും വരണമാല്യം ചാർത്തി പുതുജീവിതത്തിന് തുടക്കം കുറിക്കുകയായിരുന്നു. ചന്ദ്രൻ രമയുടെ കൈപിടിച്ച് നടാൽ വായനശാലക്ക് സമീപത്തെ വീട്ടിലേക്ക് കയറുമ്പോൾ ഇളയമകൾ വധൂവരന്മാരുടെ കാലുകളിൽ വെള്ളമൊഴിച്ച് വരവേറ്റതോടെ നിലവിളക്കുമായി ഇരുവരും വീടിനുള്ളിലേക്ക് കടന്നു.
ചന്ദ്രന്റെ ഭാര്യ ആറുവർഷം മുമ്പാണ് മരിച്ചത്. മാസങ്ങൾക്കു മുമ്പാണ് ഇവർ പരിചയത്തിലായത്. കണ്ണൂരിലെ ടെക്സ്റ്റൈൽ സ്ഥാപനത്തിൽനിന്ന് ഡൈമാസ്റ്ററായി വിരമിച്ച ടി.വി. ചന്ദ്രൻ ചാല കോയ്യോട് റോഡിലെ ബാഗ് നിർമാണ യൂനിറ്റിൽ ജോലിചെയ്തുവരവെയാണ് രമയെ കണ്ടതും പരിചയപ്പെട്ടതും. ഇവർ ഒന്നിച്ചുജീവിക്കാൻ തീരുമാനിച്ചപ്പോൾ അഞ്ചു മക്കളും പിതാവിന് പിന്തുണ നൽകി.
ഇളയ മകളും ഭർത്താവും വിവാഹച്ചടങ്ങിൽ അച്ഛനൊപ്പമുണ്ടായിരുന്നു. ചന്ദ്രന്റെ ആറു മക്കളിൽ ഒരാൾ നേരത്തേ മരിച്ചിരുന്നു. മറ്റ് അഞ്ചു പേരും വിവാഹിതരായി കുടുംബത്തോടൊപ്പം മാറി താമസിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.