കാസര്‍കോട്: കാറ്റിനുപോലും പാട്ടിെൻറ മണമുള്ള ചെമ്മനാട് ഗ്രാമം ജില്ലയുടെ നാനാദിക്കുകളിൽനിന്നുമെത്തുന്ന കലാപ്രതിഭകളെ കൈനീട്ടി വരവേൽക്കാൻ ഒരുങ്ങി. ഇനിയുള്ള മൂന്നു രാപ്പകലുകൾ ചന്ദ്രഗിരിപ്പുഴയോരത്തിന് സർഗവൈഭവത്തിെൻറ കനകക്കൊലുസുകൾ പുളകച്ചാർത്തേകും. ഏഴു ഭാഷാസംസ്കൃതികൾ ഒരുമിച്ചൊരു പുഴപോലെയൊഴുകുന്ന മണ്ണിന് രാഗതാളമേളങ്ങളും നടനചാരുതയും ഇശലുകളുടെ മൊഞ്ചും കലാവസന്തത്തിെൻറ മഴവിൽപൊലിമയേകും. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കൻഡറി സ്‌കൂൾ ആതിഥ്യമേകുന്ന 58-ാമത് റവന്യൂജില്ല സ്‌കൂള്‍ കലോത്സവത്തിെൻറ സ്റ്റേജ് മത്സരങ്ങൾക്ക് തിങ്കളാഴ്ച രാവിലെ 9.30ന് അരങ്ങുണരും. കലോത്സവത്തിെൻറ ഒൗപചാരിക ഉദ്ഘാടനം വൈകീട്ട് മൂന്നിന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിർവഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ മികച്ച പി.ടി.എക്കുള്ള അവാര്‍ഡ് സമ്മാനിക്കും. ഉദ്ഘാടനച്ചടങ്ങിനുശേഷം വേദിക്കുമുന്നിലെ മൈതാനത്ത് മംഗലംകളി, ചെമ്മനാട്ടെ നാടന്‍കലാകാരന്മാരുടെ കൈകൊട്ടിപ്പാട്ട് എന്നിവ അരങ്ങേറും. രാവണേശ്വരം, അട്ടേങ്ങാനം, ബേളൂര്‍, പെരിയ എന്നിവിടങ്ങളില്‍നിന്നുള്ള 60 പേർ ചേർന്നാണ് ആദിവാസി ഗോത്രകലയായ മംഗലംകളി അവതരിപ്പിക്കുന്നത്. സമാപനസമ്മേളനം 30ന് വൈകീട്ട് നാലിന് പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍ മുഖ്യാതിഥിയാകും. 14 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക. ഏഴ് ഉപജില്ലകളില്‍നിന്നായി 5000ത്തിലേറെ പ്രതിഭകൾ പങ്കെടുക്കും. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ മൈതാനത്തിലാണ് പ്രധാനവേദി. ഹയര്‍ സെക്കൻഡറി ഹാള്‍, യു.പി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ചെമ്മനാട് പുഴയോരം, ചെമ്മനാട് ഗവ. യു.പി സ്‌കൂള്‍ ഗ്രൗണ്ട്, പട്ടുവത്തില്‍ ഗ്രൗണ്ട്, ചെമ്മനാട് പാതയോരം, ചെമ്മനാട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഗ്രൗണ്ട്, പരവനടുക്കം വൈ.എം.എം.എ ഹാള്‍ എന്നിവിടങ്ങളിലാണ് മറ്റ് വേദികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.