ചുരംരഹിത പാത: കൊട്ടിയൂർ -44ാം മൈൽ റോഡിന് പരിഗണന നൽകുമെന്ന് മന്ത്രി

കേളകം: വയനാട് ചുരംരഹിത പാതയായ കൊട്ടിയൂർ, -അമ്പായത്തോട്, -തലപ്പുഴ -44ാം മൈൽ റോഡിന് സർക്കാർ പരിഗണന നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിവേദകസംഘത്തിന് ഉറപ്പുനൽകി. പാത യാഥാർഥ്യമാക്കണമെന്നും നിർദിഷ്ട കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മാനന്തവാടിയിലേക്കുള്ള നാലുവരിപ്പാതയിൽ ഇത് ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മലയോര വികസന ജനകീയസമിതി, കേളകം ചേംബർ, വ്യാപാരി വ്യവസായി ഏകോപനസമിതി, കേളകം മീഡിയ സ​െൻറർ എന്നിവയുടെ ആഭിമുഖ്യത്തിലാണ് മന്ത്രിക്ക് നിേവദനം നൽകിയത്. ചുരമില്ലാത്തതും മലയിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണിയില്ലാത്തതുമായ 44ാം മൈൽ പാതയുടെ സാധ്യത പഠിക്കാർ വിദഗ്ധസംഘത്തെ നിയോഗിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. മലയോര വികസനസമിതി ചെയർമാൻ പി.എ. ദേവസ്യ, ചേംബർ ഓഫ് കേളകം പ്രസിഡൻറ് ജോർജ് കുട്ടി വാളുവെട്ടിക്കൽ, വ്യാപാരി വ്യവസായി ഏകോപനസമിതി ഹസൻ കോയ വിഭാഗം നേതാവ് ലിജോ പി. ജോസ്, സി.പി.എം പേരാവൂർ ഏരിയ കമ്മിറ്റി അംഗം പി. തങ്കപ്പൻ മാസ്റ്റർ, കേളകം മീഡിയ സ​െൻറർ പ്രസിഡൻറ് കെ.എം. അബ്ദുൽ അസീസ് തുടങ്ങിയവരാണ് നിവേദനം നൽകിയത്. പാത യാഥാർഥ്യമാക്കുന്നതിനായി വയനാട്, കണ്ണൂർ ജില്ലകളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മലയോര വികസന ജനകീയസമിതി പ്രവർത്തനം ഉൗർജിതമാക്കിയിരുന്നു. അപകടങ്ങൾ തുടർക്കഥയായ കൊട്ടിയൂർ-വയനാട് ബോയ്സ് ടൗൺ റോഡിന് പകരം പരിഗണിക്കുന്ന ഈ റോഡിന് 2009ൽ ഇടതുസർക്കാർ 14 കോടി രൂപ അനുവദിച്ചിരുന്നു. വയനാട് തവിഞ്ഞാൽ പഞ്ചായത്ത്, കൊട്ടിയൂർ പഞ്ചായത്ത് പരിധിയിലൂടെയുള്ള പാതയുടെ ഒന്നര കിലോമീറ്റർ ഭാഗം കൊട്ടിയൂർ വനത്തിലൂടെയാണ്. വനത്തിലൂടെ പാതക്ക് മൂന്നു പതിറ്റാണ്ടുമുമ്പ് ഗവർണറുടെ അനുമതി ലഭിച്ചിരുന്നു. മാവോവാദി ഭീഷണിയുള്ള പ്രദേശങ്ങളിൽ വനപാതകൾക്ക് അനുമതിനൽകാൻ വനം പരിസ്ഥിതിമന്ത്രാലയം നിബന്ധനകൾ ഉദാരമാക്കിയിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്തി പി.എം.ജി സ്കീമിൽ ഉൾപ്പെടുത്തി പാത നിർമിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.