ഉത്തരവ്​ പുറത്തിറങ്ങി; പാലയാട്​ സ്​കൂൾ ഒാഫ്​ ഹെൽത്ത്​​ സയൻസിലെ കോഴ്​സുകൾ നിർത്തുന്നു

വൈ. ബഷീർ കണ്ണൂർ: കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള ഏക ആരോഗ്യശാസ്ത്ര ഗവേഷണകേന്ദ്രമായ പാലയാട് കാമ്പസിലെ സ്കൂൾ ഒാഫ് ഹെൽത്ത് സയൻസസിലെ കോഴ്സുകൾ നിർത്തുന്നു. കോഴ്സുകൾ നിർത്തുന്നത് സംബന്ധിച്ചുള്ള ഉത്തരവ് സർവകലാശാല പുറപ്പെടുവിച്ചു. എം.എസ്സി മെഡിക്കൽ മൈക്രോ ബയോളജി, എം.എസ്സി മെഡിക്കൽ ബയോളജി, എം.എസ്സി എം.എൽ.ടി എന്നീ കോഴ്സുകളാണ് നിർത്തുന്നത്. അടുത്ത അധ്യയനവർഷം മുതൽ ഇൗ കോഴ്സുകളിലേക്ക് പ്രവേശനമുണ്ടാവില്ല. നിലവിൽ കോഴ്സിന് ചേർന്ന കുട്ടികൾക്ക് കോഴ്സ് പൂർത്തീകരിക്കാൻ അവസരം നൽകും. നേരത്തെ കോഴ്സ് നിർത്താൻ തീരുമാനിക്കുകയും പിന്നീട് വ്യാപക പ്രതിഷേധത്തെ തുടർന്ന് ഒഴിവാക്കുകയും ചെയ്ത നടപടികളാണ് ആരുമറിയാതെ സർവകലാശാല നടപ്പാക്കാൻ ഒരുങ്ങുന്നത്. സംസ്ഥാനത്ത് ആരോഗ്യ സർവകലാശാല നിലവിൽവന്ന സാഹചര്യത്തിൽ മെഡിക്കൽ അനുബന്ധ കോഴ്സുകൾ നടത്താനുള്ള അധികാരം ആരോഗ്യ സർവകലാശാലക്കാണെന്ന് അധികൃതർ സർക്കാറിനെ അറിയിച്ചിരുന്നു. ഇത് ശരിവെച്ച് സർക്കാർ ആരോഗ്യ സർവകലാശാലക്ക് മറുപടിനൽകുകയും ചെയ്്തു. ആരോഗ്യ സർവകലാശാല ആക്ട് 50 (1) പ്രകാരമാണ് മറ്റുള്ള സർവകലാശാലകൾ ഇൗ കോഴ്സുകൾ നടത്താൻപാടില്ല എന്നറിയിച്ചത്. പഠനവകുപ്പുകളിൽ ആരോഗ്യ അനുബന്ധ കോഴ്സുകൾ നടത്തുന്നതിനെക്കുറിച്ച് പറഞ്ഞിട്ടില്ല. എന്നാൽ, സാേങ്കതിക സർവകലാശാലകൾ നിലവിൽവന്നിട്ടും കേരളത്തിലെ മറ്റ് സർവകലാശാലകൾ എൻജിനീയറിങ് കോഴ്സുകൾ തുടരുന്നുണ്ടെന്ന് വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. കണ്ണൂർ സർവകലാശാലക്ക് കീഴിൽ ഏറ്റവും കൂടുതൽ തൊഴിൽസാധ്യതകളുള്ള കോഴ്സുകളാണ് ഹെൽത്ത് സയൻസ് ഡിപ്പാർട്മ​െൻറിലേത്. കോഴ്സുകൾ ഇല്ലാതാക്കുന്നതോടെ ആരോഗ്യശാസ്ത്ര വിഷയങ്ങൾ പഠിക്കുന്നതിന് വൻതുക ഫീസ് നൽകേണ്ട സാഹചര്യമാണുണ്ടാവുക. 2017 തുടക്കത്തിൽതന്നെ ഹെൽത്ത് സയൻസ് കോഴ്സുകൾ നിർത്തലാക്കാൻ തീരുമാനമെടുത്തിരുന്നു. വിദ്യാർഥികളും രക്ഷാകർത്താക്കളും കടുത്ത പ്രതിഷേധമുയർത്തിയതോടെ സിൻഡിക്കേറ്റ് തീരുമാനം പിൻവലിക്കുകയായിരുന്നു. ഗവർണർക്ക് രേഖാമൂലം നൽകിയ മറുപടിയിലും കോഴ്സ് നിർത്താനുള്ള തീരുമാനം ഉപേക്ഷിച്ചുവെന്നാണ് സർവകലാശാല അറിയിച്ചത്. നിയമസഭയിൽ വിദ്യാഭ്യാസമന്ത്രിയും കോഴ്സുകൾ നിർത്താനുള്ള തീരുമാനം പിൻവലിച്ചുെവന്ന് പറഞ്ഞിരുന്നു. കോഴ്സ് തുടരുമെന്ന ആശ്വാസത്തിനിടയിലാണ് സർവകലാശാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.