പൊതുനിരത്തിൽ ജഡ്​ജിയുടെ 'ഉത്തരവ്​': കുട്ടികളെ വരിനിർത്തിയ ബസ്​ ജീവനക്കാർക്ക്​ താക്കീത്​

കാസർകോട്: ബസ്സ്റ്റാൻഡ് പരിസരത്ത് ചൈൽഡ് ലൈൻ പരിപാടിയിൽ പ്രസംഗിക്കവേ, വിദ്യാർഥികളെ സ്റ്റാൻഡിൽ വരിനിർത്തി പീഡിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ട സബ് ജഡ്ജി ബസ് ജീവനക്കാരെ പിടിച്ചുകൊണ്ടുവരാൻ നൽകിയ നിർദേശം കുമ്പളയിലെ വിദ്യാർഥികൾക്ക് ആശ്വാസമായി. ശനിയാഴ്ച വൈകീട്ട് സ്കൂൾ വിട്ട സമയത്ത് കുമ്പള ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സംഭവം. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ജില്ല ലീഗൽ സര്‍വിസ് സൊസൈറ്റിയും ചൈല്‍ഡ് ലൈനും ചേര്‍ന്ന് നടത്തിയ ബോധവത്കരണ ജാഥക്ക് കുമ്പളയില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സബ് ജഡ്ജി ഫിലിപ്പ് തോമസ്. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും അക്കമിട്ടു പ്രസംഗിക്കുന്നതിനിടയിൽ ന്യായാധിപ​െൻറ ഭാവം മാറി. ഉടൻ സമീപത്ത് നിൽക്കുകയായിരുന്ന പൊലീസുകാരെ നോക്കി 'മിസ്റ്റര്‍ ഇന്‍സ്‌പെക്ടര്‍, ആ കാണുന്ന ബസ് ജീവനക്കാരെ പിടിച്ചു ഇങ്ങോട്ടുകൊണ്ടുവരൂ'വെന്ന് ഉത്തരവ് നൽകി. മൈക്കിലൂടെയുള്ള ജില്ല സബ് ജഡ്ജിയുടെ ഉത്തരവുകേട്ട് ചുറ്റും നിന്നവര്‍ അന്തംവിട്ടു. ഫുൾടിക്കറ്റുകാരെക്കൊണ്ട് സീറ്റുകൾ നിറയുന്നതുവരെ വിദ്യാർഥികളെ ബസി​െൻറ വാതിലിനുപുറത്ത് വരിനിർത്തുന്ന ഏഴു ബസുകൾ സമീപത്തുണ്ടായിരുന്നു. ജഡ്ജിയുടെ നിർദേശം വന്നയുടൻ കുമ്പള സിവിൽ പൊലീസ് ഒാഫിസർ ജയശങ്കറി​െൻറ നേതൃത്വത്തിൽ ഒരു സംഘം പൊലീസുകാർ ബസുകളുടെ അടുത്തേക്ക് പാഞ്ഞു. എല്ലാ ബസുകളിലെയും ഡ്രൈവർമാർ, കണ്ടക്ടർമാർ എന്നിവരെ ബസിൽനിന്നും പിടിച്ചിറക്കി ജഡ്ജിയുടെ മുന്നിൽ ഹാജരാക്കി. കുട്ടികളോടുള്ള മോശം പെരുമാറ്റമാണിതെന്നും കടുത്ത നടപടിയെടുക്കാവുന്നതാണെന്നും ജഡ്ജി പറഞ്ഞു. ബസ് യാത്ര കുട്ടികളുടെ അവകാശമാണെന്നും ഔദാര്യമല്ലെന്നും അവരെ ഓര്‍മിപ്പിച്ചു. കുട്ടികള്‍ പഠിച്ചുവളര്‍ന്ന് നാളെ ഉന്നത പദവികളിലെത്തേണ്ടവരാണെന്നുകൂടി പറഞ്ഞ ജഡ്ജി, കുട്ടികള്‍ക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയാണ് മടങ്ങിയത്. പടം subjudge
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.