പയ്യന്നൂർ: മണ്ടൂർ വാഹനാപകടത്തിൽ സാരമായി പരിക്കേറ്റവരിൽ ഭൂരിഭാഗവും സാധാരണക്കാർ. മിക്ക കുടുംബങ്ങളുടെയും അത്താണിയാണ് ഈ ഹതഭാഗ്യർ. പലരും ജോലിയും മറ്റും കഴിഞ്ഞ് മടങ്ങുകയായിരുന്നു. അപ്രതീക്ഷിതമായെത്തിയ മഴ കനക്കുന്നതിന് മുമ്പ് വീടണയാനുള്ള യാത്രയാണ് ദുരന്തത്തിൽ കലാശിച്ചത്. പലരും വീടണയാൻ ചെറിയ ദൂരം മാത്രം ബാക്കി നിൽക്കെയാണ് അപകടത്തിൽപെട്ടത്. അടുത്തിലയിലെ രവീന്ദ്രൻ, അംബിക, മുരളീധരൻ, അനീഷ്, പഴയങ്ങാടിയിലെ അൻസില ഇഖ്ബാൽ, വയലപ്രയിലെ പ്രീന, ചെറുകുന്നിലെ ഷർമിള ദാസ്, അസം സ്വദേശി ഷബിയാർ ഉസൈൻ എന്നിവരാണ് പരിയാരത്തുള്ളത്. പെരുവാമ്പയിലെ സത്താർ മംഗളൂരുവിലും ചികിത്സയിലാണ്. ഇവരിൽ ഭൂരിഭാഗം പേരുടെയും പരിക്ക് സാരമുള്ളതാണ്. ഇതര സംസ്ഥാന തൊഴിലാളിയായ ഷബിയാറിനു വേണ്ടി ഡോക്ടർമാർ നിർദേശിച്ച മരുന്ന് വാങ്ങിനൽകാൻ കൂടെയുള്ളവർക്ക് രാവിലെ കഴിഞ്ഞിരുന്നില്ല. ഒടുവിൽ, കടമായി നൽകാൻ മെഡിക്കൽ കോളജ് എം.ഡി കെ. രവി നിർദേശം നൽകുകയായിരുന്നു. ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞത് താൽക്കാലിക ആശ്വാസമായി. എന്നാൽ, ആശുപത്രി വിട്ടാലും തൊഴിൽ ചെയ്തു ജീവിക്കുക എന്നത് പലരുടെയും മുന്നിൽ വലിയ സമസ്യയാണ്. അതുകൊണ്ട് പരിക്കേറ്റവർക്കുകൂടി നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ഉയരുന്നുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അൻസില ഇഖ്ബാൽ നേരത്തേ അസുഖമുള്ള കുട്ടിയാണ്. ഇത് കുടുംബത്തെ കൂടുതൽ ദുരിതത്തിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.