ന്യൂ മാഹി: ഫേസ്ബുക്കിലെ സ്ത്രീകളുടെ പടങ്ങള്‍ ഉപയോഗിച്ച് വിവാഹത്തട്ടിപ്പ് നടത്തിയ മധ്യവയസ്കനെ തലശ്ശേരി കോടതി റിമാൻഡ് ചെയ്തു. കോഴിക്കോട് അത്തോളിയില്‍ താമസക്കാരനായ സിറാജുദ്ദീനെ (47) കഴിഞ്ഞദിവസം ന്യൂ മാഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്രങ്ങളില്‍ വരുന്ന വധുവിനെ ആവശ്യമുണ്ടെന്ന വിവാഹപരസ്യം ഉപയോഗപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. തെക്കന്‍മേഖലയില്‍നിന്ന് വധുവിനെ തേടുന്നവരുടെ ഫോണ്‍ നമ്പറില്‍ വിളിച്ച് സഹോദരിയെ വിവാഹം ചെയ്തുകൊടുക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞാണ് ഇരകളെ വീഴ്ത്തുന്നത്. ഫേസ്ബുക്കില്‍നിന്നുള്ള സ്ത്രീകളുടെ പടമാണ് സഹോദരിയെന്ന പേരില്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറുന്നത്. നിര്‍ധന കുടുംബാംഗമായതിനാൽ താലിമാലക്കും മറ്റും സഹായംനൽകുന്നത് വീട്ടുകാർക്ക് ആശ്വാസമാകുമെന്ന് വിശ്വസിപ്പിച്ചാണ് സിറാജുദ്ദീന്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇതുപ്രകാരം വിവാഹത്തിന് സന്നദ്ധനായി രണ്ടേകാൽ പവെൻറ താലിയുമായെത്തിയ ആളാണ് ഒടുവില്‍ തട്ടിപ്പിന് ഇരയായത്. ഇയാളില്‍നിന്ന് താലിമാല വാങ്ങിയശേഷം പൂജിച്ച് വരാമെന്ന് പറഞ്ഞ് മുങ്ങി. പരാതിയില്‍ ന്യൂ മാഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിവാഹത്തട്ടിപ്പ് പതിവാക്കിയ സിറാജുദ്ദീന്‍ കുടുങ്ങിയത്. വിവാഹത്തിന് പെൺകുട്ടിയെ ആവശ്യമുണ്ടെന്ന രീതിയിലാണ് ന്യൂമാഹി പൊലീസ് ഇയാളെ കെണിയിൽ വീഴ്ത്തിയത്. അത്തോളിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന സിറാജുദ്ദീന് ഭാര്യയും മുന്നു കുട്ടികളുമുണ്ട്. വിവിധ പേരുകളിലാണ് ഇയാളുടെ തട്ടിപ്പ്. മാഹി, തലശ്ശേരി ഭാഗങ്ങളില്‍ സന്തോഷ് എന്ന പേരിലായിരുന്നു വിവാഹതത്തട്ടിപ്പ്. സമാനമായ പരാതിയില്‍ ചേവായൂര്‍ പൊലീസും ഇയാള്‍ക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.