സർക്കാറിനെതിരെ ജനങ്ങളെ അണിനിരത്തും -ലീഗ് കണ്ണൂർ: ജനകീയ സമരങ്ങളെ പൊലീസിനെയും കുത്തകകളെയും ഉപയോഗിച്ച് തകര്‍ക്കാനുള്ള പിണറായി സര്‍ക്കാറിെൻറ ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുത്തു തോല്‍പിക്കുമെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദും ജന. സെക്രട്ടറി അബ്ദുൽ കരീം ചേലേരിയും പ്രസ്താവനയിൽ പറഞ്ഞു. കൊച്ചി മുതല്‍ മംഗളൂരു വരെ പ്രകൃതിവാതക പൈപ്പ് ലൈൻ സ്ഥാപിക്കാനായി ഗ്യാസ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവൃത്തികളുടെ ഭാഗമായി പൈപ്പ് ഇടുന്നതിനെതിരെ കണ്ണൂര്‍ ജില്ലയിലെ അമ്മാനപ്പാറ, മുണ്ടേരി എന്നീ പ്രദേശങ്ങളില്‍ ജനകീയ സമരങ്ങള്‍ നടന്നുവരുകയാണ്. രണ്ടിടങ്ങളിലും പ്രവൃത്തി തടഞ്ഞ സ്ത്രീകള്‍ അടക്കമുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയുമാണുണ്ടായത്. നാട്ടിലെ വികസന പ്രവര്‍ത്തനങ്ങളെ തടയുകയല്ല, മറിച്ച് വികസനത്തോടൊപ്പം ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന മിനിമം ആവശ്യവുമായാണ് ജനങ്ങള്‍ സമരരംഗത്തിറങ്ങിയത്. എന്നാല്‍, സുരക്ഷ സംബന്ധിച്ച ഒരു ഉറപ്പും നല്‍കാതെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഒരു വിലയും കൽപിക്കാത്ത വിധത്തിലുള്ള പ്രതികരണങ്ങളാണ് മുഖ്യമന്ത്രിയില്‍നിന്ന് ഉൾപ്പെടെ ഉണ്ടായത്. ഇത് തീർത്തും പ്രതിഷേധാര്‍ഹമാണെന്നും അടിയന്തരമായി സമര നേതാക്കളുമായി ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.