മാഹിയിൽ കെട്ടിടനിർമാണം തടയാൻ സി.പി.എം ശ്രമം; കോൺഗ്രസ്-സി.പി.എം പ്രവർത്തകർ ഏറ്റുമുട്ടി മാഹി: ദേശീയപാതയോരത്ത് മാഹി സ്പോർട്സ് ക്ലബിന് സമീപം നടക്കുന്ന കെട്ടിടനിർമാണം സി.പി.എം പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് സംഘർഷവും അറസ്റ്റും. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. കെട്ടിടനിർമാണം അനധികൃതമാണെന്നാരോപിച്ചാണ് സി.പി.എം തടഞ്ഞത്. മൂന്നു സി.പി.എം പ്രവർത്തകർക്കും ഒരു കോൺഗ്രസ് പ്രവർത്തകനും പരിക്കേറ്റു. സി.പി.എം പ്രവർത്തകരായ സാദിഖ് മഞ്ചക്കൽ, റംഷി ചൂടിക്കോട്ട എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിലും വി. ജയബാലുവിനെ മാഹി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകൻ അൻസിൽ അരവിന്ദിനെ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണത്തിലും അറസ്റ്റിലും പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ നടത്തിയ പ്രകടനം പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ ദേശീയപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതേത്തുടർന്ന് ദേശീയപാതയിൽ ഗതാഗതതടസ്സമുണ്ടായി. ഇരുപക്ഷത്തിെൻറയും പരാതിയിൽ 11 സി.പി.എം പ്രവർത്തകർക്കെതിരെയും എട്ടു കോൺഗ്രസ് പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു. മുൻ മന്ത്രിയുടെ അനധികൃത കെട്ടിടനിർമാണം നിയമവിധേയമാക്കാൻ അഡ്മിനിസ്ട്രേറ്ററും പൊലീസും ഉൾപ്പെടെയുള്ള അധികൃതർ ഒത്താശചെയ്യുകയാണെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി പി.കെ. സുനിൽകുമാർ ആരോപിച്ചു. നിയമാനുസരണം നടക്കുന്ന കെട്ടിടനിർമാണം സി.പി.എം തടഞ്ഞത് രാഷ്ട്രീയവൈരാഗ്യം തീർക്കാനാണെന്ന് മാഹി മേഖലാ കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. തെൻറ മേൽനോട്ടത്തിൽ നടക്കുന്ന കെട്ടിടനിർമാണം അനധികൃതമാണെന്നാരോപിച്ച് തന്നെ മർദിച്ചതായും അസഭ്യംപറഞ്ഞതായും യൂത്ത് കോൺഗ്രസ് പ്രസിഡൻറ് അൻസിൽ അരവിന്ദ് പൊലീസിൽ പരാതി നൽകി. യൂത്ത് കോൺഗ്രസ് പ്രസിഡൻറ് അൻസിൽ അരവിന്ദിനെ കൈേയറ്റം ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. രമേശ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. കെ. മോഹനൻ, സത്യൻ കേളോത്ത്, കെ.പി. ബഷീർ ഹാജി, ഐ. അരവിന്ദൻ, അലി അക്ബർ ഹാഷിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.