താവം റോഡ് ചളിക്കുളം; പഴയങ്ങാടി-^കണ്ണൂർ റൂട്ടിൽ ഗതാഗതം ദുഷ്കരം സമാന്തര പാതയായ ബൈപാസ്​ റോഡും വെള്ളത്തിൽ

താവം റോഡ് ചളിക്കുളം; പഴയങ്ങാടി--കണ്ണൂർ റൂട്ടിൽ ഗതാഗതം ദുഷ്കരം സമാന്തര പാതയായ ബൈപാസ് റോഡും വെള്ളത്തിൽ പഴയങ്ങാടി: മഴ തിമിർത്തു പെയ്തുതുടങ്ങിയതോടെ ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ താവം റോഡ് ചളിക്കുളമായി. സ്വകാര്യ ബസുകൾ പഴയങ്ങാടി-കണ്ണൂർ റൂട്ടിൽ നൂറുകണക്കിന് ട്രിപ്പുകൾ നടത്തുന്നത് ഇതുവഴിയാണ്. സമാനപാതയായി സൗകര്യപ്പെടുത്തിയ ബൈപാസ് റോഡും വെള്ളത്തിലായതോടെ പ്രദേശത്ത് ഗതാഗതം നരകതുല്യമായിട്ടുണ്ട്. കാൽനടപോലും ഈ മേഖലയിൽ അസാധ്യമായി. ചരക്കുവാഹനങ്ങൾ, ചെറുകിട വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ എന്നിവ ഇതുവഴിയുള്ള ഗതാഗതം അവസാനിപ്പിച്ച് മാട്ടൂൽ മടക്കര പാലം, തളിപ്പറമ്പ് ഹൈവേ എന്നീ വഴികൾ െതരഞ്ഞെടുത്ത് അഞ്ചും ആറും കിലോമീറ്ററധികം സഞ്ചരിച്ചാണ് കണ്ണൂരിലെത്തുന്നത്. കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള താവം മേൽപാലത്തി​െൻറ പണിയാണ് റോഡ് ചളിക്കുളമാകാൻ കാരണമായത്. പണി പൂർത്തീകരിക്കാൻ നിശ്ചയിച്ച കാലാവധി മൂന്നുപ്രാവശ്യം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ നീട്ടിക്കൊടുത്തിട്ടും പൂർത്തീകരിക്കാനായിട്ടില്ല. തിരുവനന്തപുരത്ത് മന്ത്രിയുടെ ചേംബറിൽ നടത്തിയ ഏറ്റവും ഒടുവിലത്തെ ചർച്ചയിൽ 2017 മാർച്ച് 31നകം പണി പൂർത്തീകരിക്കുമെന്ന് കരാറുകാർ നൽകിയ ഉറപ്പും പാഴാകുകയായിരുന്നു. മേൽപാലം നിർമാണത്തി​െൻറ ഭാഗമായി റോഡിൽ കുഴിയെടുത്തതും മണൽ കോരി മാറ്റിയതും റോഡിൽ പലസ്ഥലത്തും മണലുകൾ കൂട്ടിയിട്ടതും കാരണം മാസങ്ങളായി ഇതുവഴിയുള്ള ഗതാഗതം ദുരിതത്തിലാണ്. ഇതിനിടയിൽ ബസ് സർവിസ് നിർത്തുമെന്ന് ഉടമകളുടെ മുന്നറിയിപ്പുമുണ്ടായിരുന്നു. മഴ തിമിർത്തു പെയ്തുതുടങ്ങിയതോടെ റോഡ് ചളിക്കുളമാവുകയും ഗതാഗതം തീർത്തും ദുഷ്കരമാവുകയുമായിരുന്നു. തുടർന്നാണ് കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങളെ സമാന്തരപാതയായ ബൈപാസ് റോഡ് വഴി തിരിച്ചുവിട്ടത്. എന്നാൽ, മഴ ശക്തിയാർജിച്ചതോടെ ഈ പാത പൂർണമായും വെള്ളത്തിലായി. നിശ്ചിതകാലത്തിനുള്ളിൽ പണി പൂർത്തീകരിക്കാതെ ഗതാഗതം ദുരിതപൂർണമാക്കിയതിനാൽ കെ.എസ്.ടി.പി റോഡ് പ്രവൃത്തിക്കെതിരെ പ്രതിഷേധം വ്യാപകമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.