സ്നേഹത്തിൽ തുന്നിയ കോടിയണിഞ്ഞ് അവർ പെരുന്നാ‍ളാഘോഷിക്കും

സ്നേഹത്തിൽ തുന്നിയ കോടിയണിഞ്ഞ് അവർ പെരുന്നാ‍ളാഘോഷിക്കും കോഴിക്കോട്: മാറിയുടുക്കാൻ ഒന്നിലധികം വസ്ത്രങ്ങളില്ലാത്തവർ, പെരുന്നാളാഘോഷവും പെരുന്നാൾകോടിയുമെല്ലാം നിറമുള്ള സ്വപ്നങ്ങളായവർ, എല്ലാ ദിവസങ്ങളെയുംപോലെ പെരുന്നാളിനും സാധാരണ ഉടുപ്പണിയാൻ വിധിക്കപ്പെട്ടവർ... അവർക്കെല്ലാം സ്നേഹത്തിൽ തുന്നിയ പെരുന്നാൾകോടി സമ്മാനിച്ച് ഗ്രീൻപാലിയേറ്റിവ് കൂട്ടായ്മ. ഒരുമാസത്തിനകം 1700ലേറെ പേർക്കാണ് പുതുവസ്ത്രം സമാഹരിക്കാൻ കൂട്ടായ്മയിലൂടെ സാധിച്ചത്. പെരുന്നാളാഘോഷിക്കുന്നവർക്കൊപ്പം ഓണമാഘോഷിക്കുന്നവർക്കു കൂടി പുത്തൻവസ്ത്രങ്ങൾ നൽകാൻ കഴിഞ്ഞുവെന്നത് ഗ്രീൻ പാലിയേറ്റിവ് പ്രവർത്തകരുടെ പെരുന്നാൾ സന്തോഷം ഇരട്ടിയാക്കുന്നു. 1000 രൂപ വില വരുന്ന പുത്തൻ വസ്ത്രങ്ങളാണ് ഓരോരുത്തർക്കുമായി വാങ്ങിയത്. ഗ്രീൻ പാലിയേറ്റിവ് അർഹരായവർക്ക് പെരുന്നാൾകോടി നൽകുന്നതിനായി സുമനസ്സുകളുടെ സാമ്പത്തിക പിന്തുണ തേടുന്നതായി 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഇതോടൊപ്പം കൂട്ടായ്മയുടെ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കുറിപ്പുകളിലൂടെയും മറ്റും നിരവധി പേർ സഹായഹസ്തവുമായി മുന്നോട്ടുവന്നു. ഒപ്പം മലപ്പുറത്തെയും കോഴിക്കോട്ടെയും ചില തുണിക്കടകളും പൂർണസഹകരണം നൽകിയതോടെ പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമായി 'പെരുന്നാൾകോടി' മാറി. ഗ്രീൻ പാലിയേറ്റിവ് പ്രവർത്തകരും വീട്ടമ്മമാരുമാണ് ഈ ഉദ്യമത്തിനായി മുന്നിട്ടിറങ്ങിയത്. ഗൾഫിലും നാട്ടിലുമുള്ള നിരവധി പേർ സഹായിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലുള്ളവർക്കാണ് പുതുവസ്ത്രങ്ങൾ സമ്മാനിച്ചത്. കൊട്ടിഘോഷിച്ചും നാലാൾ കാൺകെയുമല്ല ഇവർക്കൊന്നും വസ്ത്രം സമ്മാനിച്ചതെന്ന് ഗ്രീൻപാലിയേറ്റിവി​െൻറ സേവനസന്നദ്ധതയെ ഊട്ടിയുറപ്പിക്കുന്നു. കഴിഞ്ഞ വർഷം ആയിരം പേർക്കാണ് പെരുന്നാൾകോടിയുടെ സന്തോഷം പകർന്നത്. പദ്ധതി തുടങ്ങിയ 2015ൽ 178 പേരെയാണ് പെരുന്നാൾ വസ്ത്രമണിയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.