ദാസ്യപ്പണി ചെയ്യാൻ പൊലീസുകാരെ ഉപയോഗിക്കുന്നു ^തച്ചങ്കരി

ദാസ്യപ്പണി ചെയ്യാൻ പൊലീസുകാരെ ഉപയോഗിക്കുന്നു -തച്ചങ്കരി കണ്ണൂർ: ജനപ്രതിനിധികള്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും ദാസ്യപ്പണി ചെയ്യാൻ പൊലീസിനെ ഉപയോഗപ്പെടുത്തുകയാണെന്ന് എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി. പൊലീസ് അസോസിയേഷന്‍ 34-ാമത് കണ്ണൂർ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പൊലീസിലെ അധികച്ചെലവ് കുറക്കാന്‍ നടപടി വേണം. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സെക്യൂരിറ്റി ജോലി ചെയ്യാന്‍ പൊലീസുകാരെ നിയമിക്കുന്നതിലൂടെ കോടികളാണ് ചെലവാക്കുന്നത്. ജനപ്രതിനിധികള്‍ സ്വന്തം മണ്ഡലങ്ങളില്‍ പോകാന്‍പോലും പൊലീസുകാരെ വിളിക്കുന്നുണ്ട്. സ്വന്തം മണ്ഡലത്തില്‍പോലും സുരക്ഷയില്ലാത്തവരാണോ ജനപ്രതിനിധികളെന്നും അദ്ദേഹം ചോദിച്ചു. ഏറ്റവും കൂടുതല്‍ അംഗബലമുള്ളതാണ് പൊലീസ് സേന. എന്നാല്‍, ഈ സേനയെ ആവശ്യമായരീതിയില്‍ ഉപയോഗപ്പെടുത്തുന്നില്ല. 365 ദിവസത്തെ ശമ്പളം വാങ്ങുന്നവര്‍ 210 ദിവസം മാത്രമാണ് ജോലിചെയ്യുന്നത്. ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നവരുമുണ്ട്. യഥാര്‍ഥ ജോലിചെയ്യാന്‍ ആളെ കിട്ടുന്നില്ല. അതിനാൽ അധികജോലിഭാരമാണ് പലര്‍ക്കും ലഭിക്കുന്നത്. സ്വീകാര്യമല്ലാത്ത കാര്യങ്ങള്‍ തുറന്നുപറയാന്‍ പൊലീസുകാര്‍ തയാറാകണമെന്നും തച്ചങ്കരി ആവശ്യപ്പെട്ടു. ഉയര്‍ന്നയോഗ്യതയുള്ള ആളുകളാണ് സേനയില്‍ താഴ്ന്ന റാങ്കില്‍ ചേരുന്നത്. ഇവരെ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തണം. ചില മാധ്യമങ്ങളില്‍ പൊലീസുകാരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള സംഭവങ്ങളാണ് പുറത്തുവരുന്നത്. അതു കണ്ടെത്തി സത്യസന്ധമായ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പൊലീസുകാര്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.