മന്ത്രി റൈയുടെ കൈയും കാലും വെട്ടുമെന്ന് ഭീഷണി; യൂത്ത് കോൺഗ്രസ്​ നിയമനടപടിക്ക്

മംഗളൂരു: ദക്ഷിണ കന്നട ജില്ല ചുമതലയുള്ള വനം-പരിസ്ഥിതി മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബി. രമാനാഥ റൈയുടെ കൈകാലുകള്‍ വെട്ടുമെന്ന് ഭീഷണി. മാണ്ട്യയിലെ ബജ്റംഗ്ദള്‍ നേതാവിേൻറതാണ് പരസ്യ ഭീഷണി. കല്ലട്ക്ക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് കല്ലട്ക്ക പ്രഭാകര്‍ ഭട്ടിനെ അറസ്റ്റ് ചെയ്യാന്‍ മന്ത്രി ജില്ല പൊലീസ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയതിനെതിരെ സംഘ്പരിവാര്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിനിടെയാണ് ബജ്റംഗ്ദള്‍ ഭീഷണി. ഭീഷണിക്കാരെ നിയമപരമായി നേരിടുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് മിഥുന്‍ റൈ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിയെ ഹിന്ദുവിരുദ്ധനായി ചിത്രീകരിക്കാനാണ് സംഘ്പരിവാര്‍ ശ്രമം. തുടര്‍ച്ചയായി ആറാം തവണ ബണ്ട്വാള്‍ മണ്ഡലത്തില്‍നിന്ന് റൈ ജയിച്ചത് അദ്ദേഹത്തി‍​െൻറ മതേതര നിലപാടിനുള്ള അംഗീകാരമാണ്. ഹിന്ദുസംരക്ഷണം പറയുന്നവര്‍തന്നെയാണ് വിവരാവകാശ പ്രവർത്തകന്‍ ബാലിഗയെ കൊലപ്പെടുത്തിയതെന്ന് മിഥുന്‍ പറഞ്ഞു. റൈക്ക് പിന്തുണ അറിയിച്ച് മഹിള കോണ്‍ഗ്രസ് റാലി നടത്തുമെന്ന് മേയര്‍ കവിത സനില്‍ അറിയിച്ചു. മന്ത്രി റൈ രാജിവെക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച ജില്ലയില്‍ റോഡ് ഉപരോധിക്കാന്‍ ബി.ജെ.പിയും തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.