പുതുവൈപ്പിനിലെ പൊലീസ്​ നരനായാട്ട്​ സർക്കാറിനെ അപകീർത്തിപ്പെടുത്താൻ -^കാനം

പുതുവൈപ്പിനിലെ പൊലീസ് നരനായാട്ട് സർക്കാറിനെ അപകീർത്തിപ്പെടുത്താൻ --കാനം കണ്ണൂർ: പുതുവൈപ്പിനിലെ പൊലീസ് നരനായാട്ട് എൽ.ഡി.എഫ് സർക്കാറിനെ അപകീർത്തിപ്പെടുത്താനാണെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കക്ഷി രാഷ്ട്രീയ ഭേദമന്യേ സമരരംഗത്തുള്ളവരെ അടിച്ചൊതുക്കാൻ നോക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണം. കട്ടിലിന് കീഴിൽ ബോംബുവെച്ച് ആരും കിടന്നുറങ്ങില്ല. ഇതാണ് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പുതുവൈപ്പിനിലെ ഇന്നത്തെ സ്ഥിതി. െഎ.ഒ.സിയുടെ പദ്ധതിയിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. ആശങ്കയുടെ പേരിൽ സമരരംഗത്തെത്തുന്നവരെല്ലാം വികസനവിരോധികളല്ല. ജനങ്ങളെ സംരക്ഷിച്ചുകൊണ്ട് മാത്രമേ യഥാർഥ വികസനം സാധ്യമാവൂ. അവരെ പുനരധിവസിപ്പിക്കുന്നതുൾെപ്പടെയുള്ള ചർച്ചകൾക്ക് നേതൃത്വം കൊടുക്കണം. ജനകീയ സമരങ്ങളെ അടിച്ചൊതുക്കി ചോരയിൽ മുക്കിക്കൊല്ലുകയെന്നത് എൽ.ഡി.എഫ് നയമല്ല. കഴിഞ്ഞ അഞ്ച് വർഷക്കാലം ഇടതുപക്ഷവും ജനങ്ങളും നടത്തിയ സമരത്തി​െൻറ ഫലമാണ് ഇന്നത്തെ എൽ.ഡി.എഫ് സർക്കാർ. കോടതിവിധിയുടെ മറവിൽ, പ്രതിഷേധസ്വരമുയർത്തുന്നവരെപ്പോലും അടിച്ചൊതുക്കാനാണ് പൊലീസ് ശ്രമം. തദ്ദേശവാസികളാണ് പുതുവൈപ്പിനിൽ സമരം നടത്തുന്നത്. തീവ്രവാദത്തി​െൻറ പേരുപറഞ്ഞ് പൊലീസ് തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാനാണ് ശ്രമം നടത്തുന്നത്. സമരത്തിൽ തീവ്രവാദികൾ ഇടപെട്ടിട്ടുണ്ടെങ്കിൽ അന്വേഷിച്ച് നടപടി സ്വീകരിക്കെട്ട. സർക്കാറിനെ അപകീർത്തിപ്പെടുത്താൻ ശ്രമം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിലക്കുനിർത്താൻ ആഭ്യന്തര വകുപ്പ് ഗൗരവപൂർവം ആലോചിക്കണമെന്നും കാനം പറഞ്ഞു. രാജ്യത്തെ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നയങ്ങൾക്കെതിരെ ചെറുത്തുനിൽപ് നടത്തുന്നതിന് ഇടതുപക്ഷത്തി​െൻറ യോജിപ്പിനോടൊപ്പം വിശാലമായ പൊതുവേദി ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. ഇതൊരു രാഷ്ട്രീയ മുന്നണിയായി തെറ്റിദ്ധരിക്കേണ്ടതില്ല. രാജ്യവ്യാപകമായി ഉയരേണ്ട സമരത്തി​െൻറ െഎക്യത്തിനുള്ള പൊതുവേദിയാണിത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സമവായത്തിലൂടെ ഇമേജ് ഉണ്ടാക്കാനാണ് എൻ.ഡി.എ ശ്രമം നടത്തുന്നത്. എന്നാൽ, ആ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നയാളുടെ പേരുപറയാൻ തയാറാവാത്ത ഇക്കൂട്ടർ തൊട്ട് കാണിക്കാനെങ്കിലും തയാറാവണമെന്ന് കാനം പരിഹസിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.